ടെഹ്‌റാന്‍: (truevisionnews.com) ഇറാനിലെ സ്ത്രീസമൂഹം നേരിടുന്ന അവകാശലംഘനകള്‍ക്കെതിരേ പ്രതിഷേധങ്ങളും ചര്‍ച്ചകളും നടക്കുന്നതിനിടെ കുറിപ്പുമായി ഇറാന്റെ പരമാധികാരി ആയത്തുള്ള ഖമേനി.
ലോലമായ ഒരു പൂവാണ് സ്ത്രീയെന്നും വെറുമൊരു അടുക്കളക്കാരിയല്ലെന്നുമാണ് ഖമേനിയുടെ പ്രസ്താവന.
ഖമേനിയുടെ ഭരണത്തില്‍കീഴില്‍ കര്‍ശനമായി നടപ്പിലാക്കി വരുന്ന ഹിജാബ് നിയമങ്ങള്‍ക്കെതിരേ കടുത്ത പ്രതിഷേധമാണ് രാജ്യത്തിനകത്തും പുറത്തും നടക്കുന്നത്.
"ഒരു സ്ത്രീ ലോലമായ ഒരു പൂവാണ്, അടുക്കളക്കാരിയല്ല. പൂവിനെ പരിപാലിക്കുന്നതുപോലെയാകണം ഒരു സ്ത്രീയോട് പെരുമാറേണ്ടത്. പൂവിനെ നല്ലതു പോലെ പരിചരിക്കേണ്ടതുണ്ട്. അതിന്റെ പുതുമയും സുഖകരമായ പരിമളവും പ്രയോജനപ്പെടുത്തുകയും അന്തരീക്ഷത്തെ സുഗന്ധപൂരിതമാക്കാൻ ഉപയോഗപ്പെടുത്തുകയും വേണം", ഖമേനി എക്‌സ് പോസ്റ്റില്‍ കുറിച്ചു.
കുടുംബത്തില്‍ സ്ത്രീകളുടേയും പുരുഷന്‍മാരുടേയും പങ്കാളിത്തത്തെ കുറിച്ച് മറ്റൊരു കുറിപ്പും ഖമേനി ട്വീറ്റ് ചെയ്തിട്ടുണ്ട്. കുടുംബത്തിന്റെ ചെലവുകളുടെ ഉത്തരവാദിത്വം പുരുഷനാണെന്നും കുഞ്ഞുങ്ങളെ പരിപാലിക്കേണ്ടതിന്റെ ചുമതല സ്ത്രീകള്‍ക്കാണെന്നുമാണ് കുറിപ്പില്‍.
ഈ ചുമതലകള്‍ ഒരിക്കലും മേധാവിത്വത്തെ സൂചിപ്പിക്കുന്നതല്ല, ഇവ വ്യത്യസ്തമായ യോഗ്യതകളാണ്. പുരുഷന്‍മാരുടേയും സ്ത്രീകളുടേയും അവകാശങ്ങള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കാനാകില്ല. ഇതാണ് രണ്ടാമത്തെ കുറിപ്പിലുള്ളത്.
#Iran's #Supreme #Leader #AyatollahKhamenei #with #note.