(truevisionnews.com) ഉഗാണ്ടയിലെ ബുണ്ടിബുഗിയോയിൽ അജ്ഞാത വൈറസ് പടരുന്നതായി റിപ്പോർട്ടുകൾ. പ്രാദേശികമായി 'ഡിംഗ ഡിംഗ' എന്നു വിളിക്കപ്പെടുന്ന രോഗം ഇതിനകം മുന്നൂറോളം പേരെ ബാധിച്ചതായാണ് ദി മോണിറ്റർ റിപ്പോർട്ട് ചെയ്യുന്നത്. സ്ത്രീകളും കുട്ടികളുമാണ് രോഗബാധിതരിലേറെയും.
ശരീരം വിറച്ച് നൃത്തം ചെയ്യുന്നതുപോലെ അനുഭവപ്പെടുക എന്നതാണ് ഡിംഗ ഡിംഗ എന്ന പദം കൊണ്ടർഥമാക്കുന്നത്. പനി, അമിതമായി വിറയൽ, ചലനംപോലും തടസ്സപ്പെടുന്ന അവസ്ഥയുണ്ടാകൽ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
നിലവിൽ ആന്റിബയോട്ടിക് നൽകിയുള്ള ചികിത്സയാണ് നൽകിവരുന്നതെന്ന് ഡിസ്ട്രിക്റ്റ് ഹെൽത്ത് ഓഫീസർ ഡോ. കിയിറ്റ ക്രിസ്റ്റഫർ പറഞ്ഞു.
ഇതുവരെ ഗുരുതരാവസ്ഥ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കിയിറ്റ പറഞ്ഞു. ഒരാഴ്ചയ്ക്കകം തന്നെ രാേഗികൾ സുഖം പ്രാപിച്ച് വരുന്നുണ്ട്. അശാസ്ത്രീയ ചികിത്സാരീതിക്ക് പുറകേ പോവാതെ ആരോഗ്യവിഭാഗത്തിൽ നിന്നുതന്നെ ശാസ്ത്രീയ ചികിത്സ തേടണമെന്ന നിർദേശം നൽകുന്നുണ്ടെന്നും കിയിറ്റ ക്രിസ്റ്റഫർ പറഞ്ഞു. ബുണ്ടിബുഗിയോയ്ക്ക് പുറത്ത് രാേഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിറയൽ അധികരിക്കുകയും നൃത്തച്ചുവടുകൾക്ക് സമാനമായ രീതിയിലാവുകയും ചെയ്യും എന്നതുകൊണ്ടാണ് ഡിംഗ ഡിംഗ എന്ന പദം വന്നത്.
നിലവിൽ ഉഗാണ്ടയിലെ ആരോഗ്യവിഭാഗം സാമ്പിളുകൾ പരിശോധിച്ച് രോഗകാരണം തേടുകയാണ്. 2023-ന്റെ തുടക്കത്തിലാണ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
#Reports #unknown #virus #spreading #Bundibugyo #Uganda.