( www.truevisionnews.com) സിനിമകളുടെ വൈവിധ്യംകൊണ്ടും നിലവാരം കൊണ്ടും രാജ്യത്തെ ഏറ്റവും മികച്ച മേളയാണ് കേരളം രാജ്യാന്തര ചലച്ചിത്ര മേളയെന്ന് എഴുത്തുകാരൻ എൻ.എസ്.മാധവൻ പറഞ്ഞു. 29-ാമത് ഐഎഫ്എഫ്‌കെയുടെ ഫെസ്റ്റിവൽ ഓഫിസ് സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിനാലെ പോലെ ആഗോള പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നായി ഐ.എഫ്.എഫ്.കെ. മാറി. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യകതയും ഉത്തരവാദിത്തവുമാണെന്നും അദ്ദേഹം പറഞ്ഞു.
സിനിമയിലെ ദൃശ്യ ഭാഷ സാഹിത്യ ഭാഷയെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യജിത് റായ്, ആന്ദ്രേ തർകോവ്‌സ്‌കി തുടങ്ങിയവരുടെ സിനിമകൾ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ കൊടുക്കൽ വാങ്ങൽ നടക്കുന്ന ഒരിടമാണ് സിനിമയും സാഹിത്യവും.
ഹ്രസ്വ ചിത്രങ്ങൾ, സ്വതന്ത്ര സിനിമകൾ എന്നിവ കുറഞ്ഞ ചിലവിൽ എടുത്ത് കഴിവ് തെളിയിച്ചവരാണ് ഇന്നത്തെ യുവ സിനിമ പ്രവർത്തകർ. കുറഞ്ഞ ചിലവിൽ സിനിമകൾ പൂർത്തിയാക്കാൻ സാധിക്കുന്നതിന്റെ കാരണവും സിനിമയോടുള്ള അഭിനിവേശമാണ്.
സിനിമയുടെ പരമ്പരാഗത ശൈലിയെ പൊളിച്ചടുക്കാൻ പുതുസംവിധായകർക്ക് സാധിക്കുന്നു. സിനിമ സ്വതന്ത്രമാകുന്നത് ക്യാമറ ഒരു പേനപോലെ ഉപയോഗിക്കുമ്പോഴാണ് എന്ന ഇറാനിയൻ സംവിധായിക സമീറാ മക്മൽബഫിന്റെ വാക്കുകൾ അദ്ദേഹം ഓർമിപ്പിച്ചു.
എഴുത്തിൽ ഒറ്റക്ക് ഒരാൾ സ്വേച്ഛാധിപതിയായി മാറുമ്പോൾ സിനിമയിൽ കൂട്ടായ്മയാണ് ആവശ്യമെന്നും അത് ആഘോഷിക്കപ്പെടുന്നതും അങ്ങനെ തന്നെയാണെന്നും എൻ.എസ്.മാധവൻ പറഞ്ഞു.
#IFFK #has #become #something #that #global #audiences #are #waiting #for #NSMadhavan