കണ്ണൂർ : (truevisionnews.com) അഞ്ചരക്കണ്ടി അമ്പനാട് ബൈക്ക് യാത്രികനെ കാറിടിച്ചു വീഴ്ത്തി തട്ടിക്കൊണ്ടുപോയി എട്ട് ലക്ഷം രൂപ കൊള്ളയടിച്ചു. എടയന്നൂർ മുരിക്കൻചേരിയിലെ എം. മെഹറൂഫിനെയാണ് (47) തട്ടികൊണ്ടുപോയത് . പരിക്കേറ്റ മെഹറൂഫിനെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഗൾഫുകാരനായ മെഹറൂഫ് നാല് മാസം മുമ്പാണ് നാട്ടിലെത്തിയത്. ഗൾഫിൽ ജോലിയുള്ള സുഹൃത്തുക്കൾ നാട്ടിൽ കൊടുക്കാൻ ഏൽപ്പിച്ചിരുന്ന 8 ലക്ഷം രൂപയുമായി രാവിലെ ബൈക്കിൽ പുറപ്പെട്ട താണത്രെ മെഹറൂഫ്. തലശേരി, പാനൂർ എന്നിവിടങ്ങളിൽ ഏൽപ്പിക്കാനുള്ളതായിരുന്നു പണം.
അമ്പനാട്ടെത്തിയപ്പോൾ പിന്തുടർന്നുവന്ന വെളുത്ത ബലേനോ കാർ മെഹറൂഫിന്റെ കെ.എൽ 58 ജെ 5802 പൾസർ ബൈക്കിൽ മനപൂർവ്വം ഇടിക്കുകയായിരുന്നു.
മറിഞ്ഞുവീണയുടൻ കാർ നിർത്തി ഇറങ്ങിവന്നവർ മെഹറൂഫിനെ വലിച്ച് കാറിലിട്ട് കൊണ്ടുപോയത്രെ. കാറിനകത്തുവച്ച് കണ്ണിൽ കുരുമുളക് സ്പ്രേയടിച്ച ശേഷം മർദ്ദിച്ച് പണം തട്ടിയെടുത്തു.
കീഴല്ലൂർ കനാൽ റോഡിലെത്തിയതോടെ റോഡിൽ ഇറക്കിവിട്ട് പണവുമായി സംഘം രക്ഷപ്പെട്ടു. നാലംഗ സംഘമാണ് കാറിലുണ്ടായിരുന്നതെന്ന് മെഹ്റൂഫ് പോലീസിൽ മൊഴി നൽകി. കുഴൽ പണക്കടത്തുകാരെ കൊള്ളയടിക്കുന്ന സംഘമാണ് പണം തട്ടലിന് പിന്നിലെന്ന് പോലീസ് പറയുന്നു.
കാറിന്റെ നമ്പർ ശ്രദ്ധിച്ച് പോലീസിന് കൈമാറിയെങ്കിലും നമ്പർപ്ലേറ്റ് വ്യാജമാണെന്ന് അന്വേഷണത്തിൽ പോലീസിന് മനസിലായിട്ടുണ്ട്. സി.ഐ: എം.പി ആസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
#expatriate #who #coming #friends' #houses #with #money #bike #robbed #8lakh #stolen #investigation