കൽപ്പറ്റ: (truevisionnews.com) ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും വയനാടൻ തിളക്കം.കൽപ്പറ്റ സ്വദേശിയായ വി.ജെ. ജോഷിതയാണ് അണ്ടർ 19 ഇന്ത്യൻ ടീമിൽ ഇടം നേടിയത്.
നാളെ മുതൽ മലേഷ്യയിൽ നടക്കുന്ന വിമൻസ് ഏഷ്യ കപ്പ് മത്സരത്തിൽ ഈ വയനാട്ടുകാരി ദേശീയ ജഴ്സിയണിയും.
മിന്നുമണി, സജന സജീവൻ എന്നിവർക്കു ശേഷം ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന താരമാണ് ജോഷിത.
നേരത്തേ അണ്ടർ 19 ത്രിരാഷ്ട്ര കപ്പിനുള്ള ഇന്ത്യ എ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കൽപ്പറ്റയിലെ ന്യൂ ഫോം ഹോട്ടൽ ജീവനക്കാരനായ ജോഷിയുടെയും ഫാൻസി ഷോപ് ജീവനക്കാരിയായ ശ്രീജയുടെയും മകളാണ്. സഹോദരി ജോഷ്ന.
കൽപ്പറ്റമൈതാനി ഗ്രാമത്തുവയലിലാണ് കുടുംബം താമസിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിലാണ് ജോഷിത പരിശീലനം നടത്തുന്നത്.
മുണ്ടേരി സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് പരിശീലകനായ അമൽ ബാബു ജോഷിതയുടെ കളിമികവ് തിരിച്ചറിയുന്നത്.
അതിനുമുമ്പേ തന്നെ തങ്ങളുടെ പരാധീനതകൾക്കിടയിലും മാതാപിതാക്കൾ അവൾക്ക് ബോളും ബാറ്റുമൊക്കെ വാങ്ങിക്കൊടുത്തിരുന്നു.
ആറാം ക്ലാസ് മുതലാണ് കൃഷ്ണഗിരി സ്റ്റേഡിയത്തിലെ ക്യാമ്പിലെത്തുന്നത്. മീനങ്ങാടി സ്കൂളിലായിരുന്നു പ്ലസ് ടു പഠനം. നിലവിൽ സുൽത്താൻബത്തേരി സെന്റ് മേരീസ് കോളജിൽ ബി.എ ഇക്കണോമിക്സ് വിദ്യാർഥിനിയാണ്.
#Minnumani #SajanaSajeevan #Wayanad #shines #Indian #cricket