---
title: "ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവം; സ്വകാര്യ  ബസ് തൊഴിലാളി പണിമുടക്ക് പിൻവലിച്ചു"
english_title: "Bus conductor assaulted; Private bus workers call off strike"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/305887/bus-conductor-assaulted-private-bus-workers-call-off-strike"
published_at: "2025-08-01T14:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688c85fba5b87_bus.jpg"
keywords: []
---

# ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവം; സ്വകാര്യ  ബസ് തൊഴിലാളി പണിമുടക്ക് പിൻവലിച്ചു

> **Lead Summary:** **കണ്ണൂർ: ** പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബസ് ജീവനക്കാർ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു . ജില്ലയിലെ വിവിധ റൂട്ടുകളിൽ നടത്തിവന്ന സ്വകാര്യ ബസ് പണിമുടക്കാണ് പിൻവലിച്ചത്. ബസ് തൊഴിലാളികൾ, സംയുക്ത തൊഴിലാളി യൂണിയൻ, ബസ് ഉടമകൾ എന്നിവർ തലശ്ശേരി എസിപിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് പണിമുടക്ക് പിൻവലിക്കാൻ ധാരണയായത്.

## Article Content

**കണ്ണൂർ: ** പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബസ് ജീവനക്കാർ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു . ജില്ലയിലെ വിവിധ റൂട്ടുകളിൽ നടത്തിവന്ന സ്വകാര്യ ബസ് പണിമുടക്കാണ് പിൻവലിച്ചത്. ബസ് തൊഴിലാളികൾ, സംയുക്ത തൊഴിലാളി യൂണിയൻ, ബസ് ഉടമകൾ എന്നിവർ തലശ്ശേരി എസിപിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് പണിമുടക്ക് പിൻവലിക്കാൻ ധാരണയായത്.

ബസ് തൊഴിലാളികളുടെ സംഘടനാ ഭാരവാഹികളുമായി ഇന്നലെ ചൊക്ലി പൊലീസ് ഇൻസ്പെക്ടർ മഹേഷ് നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ബസ് സമരവുമായി മുന്നോട്ട് പോകാൻ ഒരു വിഭാഗം ജീവനക്കാർ തീരുമാനിച്ചത്. മർദ്ദനക്കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ ഇന്നലെ മുതൽ സമരം ആരംഭിച്ചത്. കേസിൽ ഏഴു പ്രതികൾക്കെതിരെ വധശ്രമമുൾപ്പടെ 9 വകുപ്പുകൾ ചുമത്തി ചൊക്ലി പൊലീസ് കേസെടുക്കുകയും, 2 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

പാസിനെ ചൊല്ലി വിദ്യാർത്ഥിനിയെ ബസിൽ നിന്നും ഇറക്കിവിട്ടെന്നാരോപിച്ചായിരുന്നു തർക്കം. തുടർന്ന് ബസിലെത്തിയ ഏഴംഗ അക്രമി സംഘമാണ് ബസ് കണ്ടക്ടറെ ക്രൂരമായി മർദ്ദിച്ചത്. ബസിൽ വച്ച് തന്നെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന് ഏഴംഗ സംഘത്തിന്‍റെ ക്രൂരമർദ്ദനമേറ്റ ബസ് കണ്ടക്ടർ നാദാപുരം സ്വദേശി വിഷ്ണു പറഞ്ഞു.

ബസ് പാസ് മാത്രമാണ് വിദ്യാർത്ഥിനിയോട് ചോദിച്ചതെന്നും പാസ് ഇല്ലാതിരുന്നിട്ടും കൺസഷൻ അനുവദിച്ചുവെന്നും വിഷ്ണു പറഞ്ഞു. പ്രതികൾ ഇന്നോവ കാറിൽ പിന്തുടർന്നെത്തിയാണ് ബസിൽ കയറിയത്. തുടർന്ന് ഇടിവളയും വാഹനത്തിന്റെ താക്കോലും ഉപയോഗിച്ച് തലയ്ക്കും മൂക്കിനും ഇടിച്ചു. ബസ്സിലെ യാത്രക്കാർ കരഞ്ഞു പറഞ്ഞിട്ടും അക്രമികൾ വെറുതെ വിട്ടില്ല. പ്രതികൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും വിഷ്ണു വ്യക്തമാക്കി.

അതേസമയം വിദ്യാർഥിനിയും സുഹൃത്തുക്കളും ബസ്സിൽ നിന്ന് ഇറങ്ങുന്ന ദൃശ്യങ്ങളും ബസ് ജീവനക്കാർ പുറത്ത് വിട്ടു. കഴിഞ്ഞ 29 ആം തീയതിയാണ് ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനമേറ്റത്. വിദ്യാർത്ഥിനിയെ ബസിൽ നിന്നും ഇറക്കിവിട്ടെന്നാരോപിച്ച്, വിദ്യാർത്ഥിനിയുടെ ഭർത്താവും സുഹൃത്തുക്കളുമാണ് കണ്ടക്ടറെ മർദ്ദിച്ചത്. കണ്ടക്ടറുടെ പരാതിയിൽ ചൊക്ലി പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയിലാണ് ഇന്ന് വിനീഷും പിടിയിലായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/305887/bus-conductor-assaulted-private-bus-workers-call-off-strike)