കൊല്ലം: ( www.truevisionnews.com ) കാര്‍ തടഞ്ഞു നിര്‍ത്തി ഭാര്യയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങള്‍.
പ്രതി പത്മരാജനും മകളും പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു. കൊല്ലപ്പെട്ട അനിലയുടെ അമ്മ രാധ പ്രതിയെ കണ്ടപ്പോള്‍ കരഞ്ഞ് ചേര്‍ത്തുപിടിച്ചു.
അനിലയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച പെട്രോള്‍ വാങ്ങിയ കണ്ണനല്ലൂര്‍ റോഡിലെ പെട്രോള്‍ പമ്പ്, വീടിന് സമീപത്തെ കേറ്ററിങ് സ്ഥാപനം എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ് നടന്നത്.
ആദ്യം പെട്രോള്‍ പമ്പിലായിരുന്നു തെളിവെടുപ്പ് നടന്നത്. ഇതിന് ശേഷം വീടിന് സമീപത്തെ കേറ്ററിങ് സ്ഥാപനത്തില്‍ തെളിവെടുപ്പിനെത്തിച്ചു.
തെളിവെടുപ്പിന് ശേഷം മടങ്ങുന്നതിനായി ജീപ്പില്‍ കയറാന്‍ തുടങ്ങിയപ്പോഴാണ് വീടിന്റെ കവാടത്തില്‍ നില്‍ക്കുന്ന മകളെ പത്മരാജന്‍ കണ്ടത്.
തുടര്‍ന്ന് പത്മരാജന്‍ അവിടയേക്ക് എത്തുകയും മകളെ കെട്ടിപ്പിടിച്ച് കരയുകയുമായിരുന്നു. പത്മരാജനെ കണ്ട അനിലയുടെ അമ്മ രാധയും ചേര്‍ത്തുപിടിച്ച് കരഞ്ഞു.
ഈസ്റ്റ് സി ഐ എസ് അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടന്നത്.
ഇക്കഴിഞ്ഞ ഡിസംബര്‍ മൂന്നാം തീയതി കൊല്ലം ചെമ്മാമുക്കിലാണ് സംഭവം നടന്നത്. കാര്‍ തടഞ്ഞുനിര്‍ത്തി ഭാര്യ അനിലയെ പത്മരാജന്‍ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംശയമാണ് ഭാര്യയെ കൊലപ്പെടുത്താന്‍ കാരണമായതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കൊല്ലത്ത് 'നിള' എന്ന പേരില്‍ അനില ബേക്കറി നടത്തിയിരുന്നു. ഹനീഷ് എന്നയാളുമായി പാര്‍ട്ണര്‍ഷിപ്പിലാണ് അനില ബേക്കറിയാരംഭിച്ചത്.
ഹനീഷ് ഇടയ്ക്കിടെ ബേക്കറിയില്‍ വരുന്നതില്‍ വിയോജിപ്പുണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് ഭാര്യയുമായി തര്‍ക്കമുണ്ടായിരുന്നുവെന്നും പത്മരാജന്‍ പറഞ്ഞിരുന്നു.
തര്‍ക്കങ്ങള്‍ പതിവായതോടെ കൊല്ലത്ത് വാടക വീടെടുത്ത് അനില താമസിച്ചിരുന്നു. പിന്നീട് വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ചിരുന്നു.
ഇതിനിടെ പ്രശ്‌നം വഷളാകുകയും അനിലയെ പത്മരാജന്‍ കൊലപ്പെടുത്തുകയുമായിരുന്നു.
#Dramatic #scenes #during #evidence #taking #Padmarajan #hugged #daughter #cried #Anila #mother #holding #her