തിരുവനന്തപുരം: ( www.truevisionnews.com) കാട്ടാക്കടയിൽ 15 വയസുകാരൻ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് സുപ്രീംകോടതിയിൽ നിന്ന് ജാമ്യം.
തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജനാണ് ജാമ്യം ലഭിച്ചത്. സാക്ഷി മൊഴികളിലെ വൈരുദ്ധ്യവും പ്രിയരഞ്ജൻ ഒരു വർഷമായി ജയിലിലാണെന്നതും പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്.
കേസിൽ ജനുവരി ആറിന് വിചാരണ തുടങ്ങാനിരിക്കെ കൂടുതല്‍ കസ്റ്റഡി ആവശ്യമില്ലെന്ന് ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, അരവിന്ദ് കുമാര്‍ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
ജാമ്യ വ്യവസ്ഥകള്‍ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. കാട്ടാക്കട പൂവച്ചൽ സ്വദേശിയായ അരുൺ കുമാറിന്റെയും ഷീബയുടെയും മകനായ ആദിശേഖറിനെ 2023 ഓഗസ്റ്റ് 30നാണ് പ്രതി കൊലപ്പെടുത്തിയത്.
പുളിങ്കോട് ക്ഷേത്രത്തിലെ മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം കാരണമാണ് കൊലപ്പെടുത്തിയെന്നാണ് കേസ്.
സൈക്കിളോടിക്കുകയായിരുന്ന ആദിശേഖറിനെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
തുടക്കത്തിൽ അപകട മരണം എന്നുകരുതിയ സംഭവം സിസിടിവി ദൃശ്യം പുറത്തുവന്നതോടെയാണ് കരുതിക്കൂട്ടിയുള്ള കൊലപാതകം എന്ന തരത്തിലേക്ക് വന്നത്.
15കാരൻ ആദിശേഖറിന്റേത് കരുതിക്കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം തന്നെയെന്നാണ് പൊലീസ് അനുമാനിക്കുന്നത്. പ്രിയരഞ്ജൻ അരമണിക്കൂർ കാത്തുനിന്ന് ആദിശേഖർ റോഡിലേക്ക് സൈക്കിളുമായി കയറിയപ്പോഴാണ് കാർ സ്റ്റാർട്ട് ചെയ്ത് അതിവേഗത്തിൽ ഇടിച്ച് തെറിപ്പിച്ചത്.
അപകടം ഉണ്ടാക്കിയ ശേഷം സ്ഥലത്ത് നിന്ന് പ്രതി രക്ഷപ്പെടുന്നതും സിസിടിവിയിൽ നിന്നും വ്യക്തമാണ്. പുളിക്കോട് ക്ഷേത്ര പരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന് ബന്ധുകൂടിയായ ആദിശേഖറിനോട് പ്രിയരഞ്ജന് വൈരാഗ്യം ഉണ്ടെന്നാണ് മാതാപിതാക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു.
കാറ് വേഗത്തിലോടിച്ച് കുട്ടിയെ ഒന്ന് പേടിപ്പിക്കണം എന്നേ ഉണ്ടായിരുന്നുള്ളു എന്നാണ് പ്രിയരഞ്ജൻ പൊലീസിനോട് പറയുന്നത്. എന്നാൽ പൊലീസ് ഈ മൊഴി മുഖവിലയ്ക്ക് എടുത്തിട്ടില്ല.
#case #year #old #boy #killed #car #thiruvananthapuram #SupremeCourt #granted #bail #accused