അഡ്‌ലെയ്ഡ്: (truevisionnews.com) ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനും ഓസീസ് ബാറ്റർ ട്രാവിസ് ഹെഡിനും ശിക്ഷ വിധിച്ച് ഐസിസി.

ഇരുവർക്കും ഓരോ ഡീമെരിറ്റ് പോയിന്‍റ് വീതം നൽകി. സിറാജിന് മാച്ച് ഫീയുടെ 20 ശതമാനം പിഴയുമുണ്ട്. ഐ.സി.സി പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടപടി. രണ്ടാമതൊരു ഡീമെറിറ്റ് കൂടി പോയിന്‍റ് കൂടി ലഭിച്ചാൽ താരങ്ങൾക്ക് മത്സരത്തിൽ വിലക്കുവരും.
ബാറ്റർ വിക്കറ്റ് നഷ്ടമായി പുറത്തേക്ക് പോകുമ്പോൾ അധിക്ഷേപകരമോ പ്രകോപനപരമായതോ ആയ ഭാഷാപ്രയോഗം, ആംഗ്യം എന്നിവ പാടില്ലെന്ന വ്യവസ്ഥയാണ് സിറാജ് ലംഘിച്ചത്.
കളിക്കാരനെയോ സപ്പോർട്ടിങ് സ്റ്റാഫിനെയോ അമ്പയറെയോ മാച്ച് റഫറിയെയോ അധിഷേപിക്കുന്ന തരത്തിലുള്ള പെരുമാറ്റം പാടില്ലെന്ന വ്യവസ്ഥയാണ് ഹെഡ് ലംഘിച്ചത്. എന്നാൽ താരത്തിന് പിഴ നൽകേണ്ടെന്ന് ഐ.സി.സി വിലയിരുത്തി.
ഇരുവരും തങ്ങളുടെ കുറ്റം സമ്മതിക്കുകയും മാച്ച് റഫറി രഞ്ജൻ മദുഗല്ലെ നിർദേശിച്ച ശിക്ഷ അംഗീകരിക്കുകയും ചെയ്തെന്ന് ഐ.സി.സി വ്യക്തമാക്കി.
ഓസീസിന്‍റെ ആദ്യ ഇന്നിങ്സിലെ 82-ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ആദ്യ പന്തിൽ സിറാജിനെ ബൗണ്ടറി കടത്തിയ ഹെഡ് മൂന്നാം പന്തിൽ സിക്സറിനും പറത്തി. എന്നാൽ തൊട്ടടുത്ത ഫുൾലെങ്ത് ഡെലിവറിയിൽ സിറാജ് ഹെഡിനെ ബൗൾഡാക്കി. പിന്നാലെ ഏറെ അഗ്രസീവായാണ് സിറാജ് ആഘോഷിച്ചത്.
ഹെഡ് തിരികെ പ്രതികരിച്ചതോടെ സിറാജ് പവലിയനിലേക്ക് കയറിപ്പോകാൻ ആംഗ്യം കാണിച്ചു. ഇത് വലിയ രീതിയിൽ ചർച്ചയായിരുന്നു.
#breached #ICC #Code #Conduct #Siraj #Head #sentenced
