എടക്കര: (truevisionnews.com) സ്ത്രീകള്‍ക്കുനേരെ അതിക്രമം നടത്തിയ കേസില്‍ പ്രതി 25 വര്‍ഷത്തിനുശേഷം എടക്കര പൊലീസിന്റെ പിടിയില്‍.
തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി രാജുവിനെയാണ് (59) പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ സമാനമായ രണ്ട് കേസുകളാണുള്ളത്. 1999 ആഗസ്റ്റ്, ഡിസംബര്‍ മാസങ്ങളില്‍ നടന്ന രണ്ട് സംഭവങ്ങളാണ് കേസിനാസ്പദമായത്.
ഇയാള്‍ താമസിച്ചിരുന്ന ചെമ്പന്‍കൊല്ലിയില്‍ വീടുകളില്‍ കയറി സ്ത്രീകള്‍ക്കുനേരെ നടത്തിയ രണ്ട് അതിക്രമ സംഭവങ്ങളില്‍ ലഭിച്ച പരാതിയിലാണ് അറസ്റ്റ്. വര്‍ഷങ്ങളായിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിയാത്തതിനെതുടര്‍ന്ന് കോടതി പ്രതിക്ക് എതിരെ വാറന്റ് പുറപ്പെടുവിച്ചു.
തുടര്‍ന്ന് എടക്കര ഇന്‍സ്പെക്ടര്‍ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാസര്‍കോട് രാജപുരത്ത് ഒളിവില്‍ കഴിയവെ രാജുവിനെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
#Violence #against #women #accused #arrested #25 #years