ചെന്നൈ: (truevisionnews.com) തന്റെ ഇലക്ട്രിക് സ്കൂട്ടറിന് തകരാറുകൾ പതിവാകുകയും അടിക്കടി അറ്റകുറ്റപ്പണികൾ നടത്തേണ്ടി വരുകയും ചെയ്തതോടെ ഇലക്ട്രിക് സ്കൂട്ടർ പെട്രോൾ ഒഴിച്ച് കത്തിച്ച് യുവാവ്.
തമിഴ്നാട്ടിലെ അമ്പത്തൂരിലാണ് സംഭവം. തിരുമുല്ലൈവയൽ സ്വദേശിയായ പാർത്ഥസാരഥി എന്ന 38 കാരനാണ് ഷോറൂമിന് മുന്നിൽ ഇലക്ട്രിക് സ്കൂട്ടർ കത്തിച്ച് പ്രതിഷേധിച്ചത്.
മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് പാർത്ഥസാരഥി 1.8 ലക്ഷം രൂപ ചെലവഴിച്ച് ഏഥര്‍ ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്. ഒരു മാസത്തിനുള്ളിൽ തകരാറുകൾ കണ്ടുത്തുടങ്ങിയെന്നും തുടർച്ചയായി സർവീസ് ചെയ്യേണ്ടി വരുന്നതായും യുവാവ് ആരോപിച്ചു.
ഓരോ മാസവും ശരാശരി 5,000 രൂപ വണ്ടിയുടെ അറ്റക്കുറ്റപണിക്കായി മാറ്റിവേക്കേണ്ട അവസ്ഥയാണെന്ന് പാർത്ഥസാരഥിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഓരോ 5,000 കിലോമീറ്ററിലും ബെയറിങുകൾ മാറ്റിസ്ഥാപിക്കാൻ ആവശ്യപ്പെടുകയും സ്പെയർ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി സർവീസ് നീട്ടിവെക്കുകയും ചെയ്തു. ബ്രേക്ക് പാഡുകളും വീൽ ബെയറിങുകളും ബെൽറ്റും മാറ്റാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് താൻ നിരാശനായി. പാർത്ഥസാരഥി പറഞ്ഞു.
ഷോറൂമിലെ ജീവനക്കാർ യുവാവ് ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പാര്‍ഥസാരഥി തന്റെ സ്‌കൂട്ടറിന് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
തുടർന്ന് ഷോറൂമിലെ ജീവനക്കാര്‍ പോലീസിനെ അറിയിക്കുകയും തീ അണയ്ക്കുകയുമായിരുന്നു. പിന്നീട് പോലീസ് ശക്തമായ താക്കീത് നൽകിയാണ് പാർത്ഥസാരഥിയെ വിട്ടയച്ചത്.
അതേസമയം, വാർത്താ ഏജൻസി കമ്പനിയുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടും വാഹനത്തിൻ്റെ നിർമ്മാതാക്കളായ ഏഥര്‍ എനർജി വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
# Frequent #breakdowns #regular #maintenance #young #man #burnt #electric #scooter #front #showroom