കോഴിക്കോട്: (www.truevisionnews.com) പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി. ഗോപാലിനെ പൂട്ടാൻ കരുതലോടെ പോലീസ്.
ഹൈക്കോടതി റദ്ദാക്കിയ ആദ്യ കേസിൽ വീണ്ടും പരാതിനൽകുന്ന കാര്യത്തിൽ അഭിഭാഷകനുമായി കൂടിയാലോചിച്ച ശേഷം തീരുമാനം എടുക്കുമെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്.
രാഹുലിന്റെ ജാമ്യാപേക്ഷ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയ സാഹചര്യത്തിൽ ഉടൻ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.
നിലവിൽ കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തിട്ടുള്ളത്.
കഴിഞ്ഞ മേയ് മാസത്തിൽ ഗുരുവായൂരിൽ വെച്ചായിരുന്നു രാഹുൽ പി. ഗോപാലിന്റെയും പരാതിക്കാരിയായ യുവതിയുടേയും വിവാഹം.
വിവാഹമോചനം ആവശ്യപ്പെട്ട് ഉടൻ കോടതിയെ സമീപിക്കാനാണ് യുവതിയുടെ കുടുംബത്തിന്റെ തീരുമാനം.
ഇനി രാഹുലുമായി ഒരുമിച്ച് ജീവിക്കാൻ ഇല്ലെന്ന് യുവതി തീരുമാനം എടുത്തതോടെയാണ് നിയമ നടപടികളിലേക്ക് കുടുംബം കടക്കുന്നത്.
കഴിഞ്ഞ മേയ് 12-നാണ് പന്തീരാങ്കാവ് സ്വദേശി രാഹുൽ പി.ഗോപാലിനെതിരെ യുവതി ആദ്യം ഗാർഹിക പീഡന പരാതി നൽകിയത്.
എന്നാൽ പൊലീസ് വേണ്ടത്ര ഗൗരവത്തോടെ അതു കൈകാര്യം ചെയ്തില്ല എന്ന പരാതി ഉയർന്നതോടെ കേസെടുക്കുന്നതിൽ വീഴ്ച വരുത്തിയ സിഐ എ.എസ്.സരിനെ സസ്പെൻഡ് ചെയ്യുകയും പ്രതിയെ വിദേശത്തേക്കു കടക്കാൻ സഹായിച്ച സിവിൽ പൊലീസ് ഓഫിസർ ശരത് ലാൽ കേസിൽ പ്രതിയാക്കുകയും ചെയ്തിരുന്നു.
പിന്നീട് ഒരുമിച്ചു ജീവിക്കാനാണ് താൽപര്യമെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് രാഹുലും പെൺകുട്ടിയും ഹൈക്കോടതിയെ സമീപിച്ചു.
രാഹുലിനെതിരെ പൊലീസ് റിപ്പോർട്ട് നൽകിയെങ്കിലും ഇരുവർക്കും കൗൺസലിങ് നൽകിയ ശേഷം ഒരുമിച്ച് ജീവിക്കാൻ ഹൈക്കോടതി അനുവദിക്കുകയായിരുന്നു.
കോടതിയുടെ അനുമതിയോടെ ഒരുമിച്ച് ജീവിക്കുന്നതിനിടെയാണ് വീണ്ടും രാഹുൽ മർദ്ദിച്ചതായി പെൺകുട്ടി പരാതി നൽകിയത്.
അതേസമയം, ജാമ്യാപേക്ഷയുമായി വീണ്ടും കോടതിയെ സമീപിക്കാനാണ് പ്രതിയുടെ കുടുംബത്തിന്റെ തീരുമാനം. ജാമ്യാപേക്ഷ തള്ളയതിനെതിരെ ഉടൻ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷക അറിയിച്ചു.
#pantheerankavu #domesticviolencecase #Police #cautious #lockup #Rahul #Chargesheet #soon