പേരാമ്പ്ര : (truevisionnews.com) സ്വന്തമായി നമ്പറിട്ട് വാഹനം ഓടിച്ച ആവള സ്വദേശി പിടിയില്‍.
താന്‍ വാങ്ങിയ വാഹനത്തിന് രജിസ്‌ട്രേഷന്‍ നടത്താതെ സ്വന്തമായി ഒരു നമ്പറും പതിപ്പിച്ച് നാലുവര്‍ഷത്തോളമായി പൊലീസിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും കബളിപ്പിച്ച് വാഹനം ഓടിച്ച എടപ്പോത്തില്‍ മീത്തല്‍ ലിമേഷ് ആണ് പൊലീസിന്റെ പിടിയിലായത്.
നാലുവര്‍ഷം മുമ്പാണ് ലിമേഷ് സുസുക്കിയുടെ സ്‌കൂട്ടി വാങ്ങിയത്. രജിസ്‌ട്രേഷന്‍ നടത്താതെ തന്റെ പഴയ വാഹനത്തിന്റെ നമ്പറുമായി സാമ്യമുള്ള കെഎല്‍ 56 ക്യു 9305 എന്ന നമ്പറുമിട്ട് വാഹനം ഓടിച്ചു.
നിരവധി തവണ ട്രാഫിക് നിയമലംഘനം നടത്തിയതിന് ഈ നമ്പറിലേക്ക് പിഴയും വന്നു. എന്നാല്‍ ഈ നമ്പറിന്റെ യഥാര്‍ത്ഥ ഉടമസ്ഥനായ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിക്കാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ചലാന്‍ കിട്ടിക്കൊണ്ടിരുന്നത്.
സ്ഥിരമായി പേരാമ്പ്ര ഭാഗത്ത് നിന്നുള്ള ക്യാമറയില്‍ നിന്നുമുള്ള ഫോട്ടോയുമായി ഏതാണ്ട് ഇരുപതിനായിരത്തോളം രൂപ പിഴ അടച്ച പാലക്കാട് സ്വദേശി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് ലിമേഷ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്. പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
#Avala #native #who #drove #vehicle #with #his #own #number #plate #arrested