Nov 29, 2024 08:14 AM

ആലപ്പുഴ: (truevisionnews.com) വൈകല്യങ്ങളുമായി നവജാത ശിശു പിറന്ന സംഭവം അന്വേഷിക്കാൻ ആരോഗ്യവകുപ്പ് പ്രതിനിധികൾ ഇന്ന് ആലപ്പുഴയിലെത്തും.ആരോഗ്യവകുപ്പ് അഡീഷ്ണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

രാവിലെ 11 മണിക്ക് കുഞ്ഞിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ എത്തിക്കാനാണ് നിർദ്ദേശം

അതേസമയം, സംഭവത്തിൽ സ്വകാര്യ ലാബുകൾക്കെതിരെയാണ് ഡിഎംഒയുടെ റിപ്പോർട്ട്.

സ്വകാര്യ ലാബുകൾക്ക് വീഴ്ച ഉണ്ടായതായി ഡിഎംഒ പറയുന്നു. ലാബ് റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കും വിധമായിരുന്നെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നവജാത ശിശുവിന്റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇന്നലെ പ്രതികരിച്ചിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ അന്വേഷണം നടത്താന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കി. ജില്ലാതലത്തിലുള്ള അന്വേഷണം ആരംഭിച്ചു. സ്‌കാനിങ് സെന്ററിനെപ്പറ്റിയും അന്വേഷണം നടത്തും. അന്വേഷണങ്ങളില്‍ വീഴ്ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

സംഭവത്തില്‍ നേരത്തെ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തിരുന്നു. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെയാണ് കേസെടുത്തിരുന്നത്.

ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. ഗര്‍ഭകാലത്ത് പലതവണ സ്കാനിംഗ് നടത്തിയെങ്കില്‍ സ്കാനിംഗിൽ ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി.

സംഭവത്തില്‍ കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ ആരോഗ്യ വിഭാഗം ഡയറക്ടർ ഡിഎംഒയോട് റിപ്പോർട്ട് തേടി. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ സൂപ്രണ്ടിനോട് അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് ഡിഎംഒ ആവശ്യപ്പെട്ടത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് സൂപ്രണ്ട് ഉടൻ ഡിഎംഒയ്ക്ക് കൈമാറും.

എന്നാൽ, തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഡോ. പുഷ്പ പ്രതികരിച്ചു. ആദ്യ രണ്ട് മാസത്തിലാണ് കുട്ടിയുടെ അമ്മയെ ചികിത്സിച്ചത്. ഈ കാലയളവില്‍ ശിശുവന്‍റെ വൈകല്യം കണ്ടെത്താന്‍ കഴിയില്ല. അഞ്ചാം മാസത്തിലാണ് ഇതെല്ലാം തിരിച്ചറിയുന്നത്. ആ സമയത്ത് കുട്ടിയുടെ അമ്മ തന്‍റെ അടുത്ത് ചികിത്സയ്ക്ക് എത്തിയിട്ടില്ലെന്ന് ഡോ. പുഷ്പ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.


















#case #newborn #baby #born #defects #Special #Investigation #Team

Next TV

Top Stories










GCC News