കുഴൽമന്ദം: (www.truevisionnews.com) തമിഴ്നാട്ടുകാരനായ ഡ്രൈവറെ ലോറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈറോഡ് സ്വദേശി സന്തോഷ് കുമാറിനെയാണ് (48) മരിച്ച നിലയിൽ കണ്ടെത്തിയത്.
ദേശീയപാതയോരത്ത് ചിതലി നൂലിടാമ്പാറ മസ്ജിദിന് മുന്നിലാണ് ലോറി നിർത്തിയിരുന്നത്. ബുധനാഴ്ച രാത്രി 11.30-ന് ലോറി നിർത്തുന്നത് പള്ളിയിലെ സി.സി.ടി.വി. ക്യാമറയിലുണ്ട്.
ലോറിയിൽനിന്ന് ആരെങ്കിലും പുറത്തിറങ്ങുന്നതോ പുറത്തുനിന്ന് ലോറിയിലേക്ക് ആരെങ്കിലും കയറുന്നതോ ദൃശ്യങ്ങളിൽ ഇല്ല. വ്യാഴാഴ്ച രാവിലെ എട്ടുമണിയായിട്ടും ലോറി പോകാതിരുന്നതോടെ പ്രദേശവാസികൾ വന്ന് ഡ്രൈവറെ വിളിച്ചെങ്കിലും ഉണർന്നില്ല.
ഇവർ വിവരം അറിയിച്ചതുനുസരിച്ച് കുഴൽമന്ദം അഡീഷണൽ എസ്.ഐ. കെ. കലാധരന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മരിച്ചതായി വ്യക്തമായത്.
മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
മരണം ഹൃദയസ്തംഭനം മൂലമാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഈറോഡിൽനിന്ന് ഫൈബർ വാട്ടർ ടാങ്കുകളുമായി തൃശൂരിലേക്ക് പോകുകയായിരുന്നു ലോറി.
#driver #founddead #inside #lorry #Indications #due #heart #failure