ആലത്തൂര്‍: (truevisionnews.com) എരിമയൂരില്‍ അടച്ചിട്ടിരുന്ന വീട്ടില്‍നിന്ന് നാല് പവന്‍ സ്വര്‍ണവും 20,000 രൂപയും കവര്‍ന്നു.
എരിമയൂര്‍ മരുതക്കോട് മോഹനന്റെ വീട്ടില്‍ ബുധനാഴ്ചയാണ് കവര്‍ച്ച നടന്നത്. വ്യാഴാഴ്ച രാവിലെയാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. ആലത്തൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചു.
തൃപ്പാളൂരില്‍ ലെയ്ത്ത് വര്‍ക്ക്‌ഷോപ്പ് നടത്തുന്ന മോഹനനും പാലക്കാട്ടെ സ്‌കൂളില്‍ പാചകത്തൊഴിലാളിയായ ഭാര്യയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മക്കളും സംഭവസമയം വീട്ടില്‍ ഉണ്ടായിരുന്നില്ല.
കുടുംബാംഗങ്ങളുടെ സൗകര്യാര്‍ത്ഥം വീടിനു പുറത്തൊരു സ്ഥലത്ത് താക്കോല്‍ വെച്ചിട്ടുപോകുന്നത് പതിവായിയിരുന്നു.
ഇത് മനസ്സിലാക്കിയ ആരോ താക്കോലെടുത്ത് വീടിനുള്ളില്‍ കയറുകയായിരുന്നുവെന്നാണ് നിഗമനം. സ്വര്‍ണ്ണവും പണവും സൂക്ഷിച്ചിരുന്ന അലമാര പൂട്ടിയശേഷം താക്കോല്‍ അലമാരയുടെ മുകളില്‍ തന്നെയാണ് വെച്ചിരുന്നത്.
മോഷണം നടത്തിയവര്‍ അലമാരയും വീടും അതുപോലെ പൂട്ടി താക്കോലുകള്‍ യഥാസ്ഥാനത്ത് തന്നെ വെച്ചിരുന്നു.
ചൊവ്വാഴ്ച രാത്രിയാണ് വീട്ടുകാര്‍ അലമാരയില്‍ ഇരുന്ന 15,000 രൂപയ്ക്കൊപ്പം അയ്യായിരം രൂപകൂടി ചേര്‍ത്തുവെച്ചത്.
വ്യാഴാഴ്ച രാവിലെ പണം എടുക്കാന്‍ നോക്കിയപ്പോഴാണ് നഷ്ടപ്പെട്ടതായി അറിയുന്നത്. വീടിനുമുന്നിലെ ഗേറ്റ് പൂട്ടി വീട്ടുകാര്‍ താക്കോല്‍ കൊണ്ടുപോയിരുന്നെങ്കിലും പിന്‍വശത്തെ മുള്ളുവേലിവഴി പുറത്തുനിന്ന് അകത്തേയ്ക്ക് കടക്കാന്‍ കഴിയും.
മോഷണ വിവരം അറിയാതെ വീട്ടുകാര്‍ വീടിനുള്ളില്‍ പെരുമാറിയതു കാരണം വിരലടയാളം ശേഖരിക്കാനും പോലീസ് നായയെ ഉപയോഗിച്ചുള്ള അന്വേഷണത്തിനും പരിമിതിയുണ്ടെന്ന് പോലീസ് പറഞ്ഞു.
#Stealing #locking #cupboard #leaving #key #proper #place #next #day #found #out #gold #money #missing