കോഴിക്കോട്: മലബാറിന്‍റെ ഊട്ടി എന്നറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാണ് കക്കാടംപൊയിൽ.
കോടമഞ്ഞും വലുതും ചെറുതുമായ വെള്ളച്ചാട്ടങ്ങളും നിഗൂഢ വനങ്ങളും നിറഞ്ഞ ഇവിടം മിനി ഗവി എന്നും അറിയപ്പെടുന്നു.
സഞ്ചാരികളെ വരവേൽക്കുന്ന കോടമഞ്ഞും മലനിരകളും ശരിക്കും ഒരു മാസ്മരിക അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്.
നല്ല തണുപ്പ് നിറഞ്ഞ പ്രദേശമാണിത്. ഒരു 4 മണി കഴിയുമ്പോൾ തന്നെ ചുറ്റും ഇരുട്ട് പരന്നു തുടങ്ങും. സൂര്യനസ്തമിച്ചാൽ പിന്നെ തണുപ്പ് ഇരട്ടിയാകുന്നു.
കോഴിക്കോട്, മലപ്പുറം ജില്ലകളുടെ കിഴക്കുഭാഗത്തായി പശ്ചിമഘട്ട മലനിരകളിലാണ് കക്കാടംപൊയിലിന്‍റെ സ്ഥാനം.
കണ്ണെത്താദൂരം പരന്നുകിടക്കുന്ന മലനിരകളും നിരവധി വെള്ളച്ചാട്ടങ്ങളും തണുത്ത കാലാവസ്ഥയും ട്രക്കിങ് റൂട്ടുകളുമെല്ലാം കക്കാടംപൊയിലിന്‍റെ ആകർഷണീയതയാണ്.
കോഴിക്കോടു നിന്നും 50 കിലോമീറ്ററും നിലമ്പൂരിൽ നിന്ന് 24 കിലോമീറ്ററുമാണ് കക്കാടംപൊയിലേക്കുള്ള ദൂരം.
മഞ്ഞുകാലമായതോടെ കക്കാടംപൊയിലിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.
സ്വകാര്യ ബസ് സർവിസുകളില്ലെങ്കിലും കോഴിക്കോട്, തിരുവമ്പാടി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും കക്കാടംപൊയിലിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ ലഭ്യമാണ്.
#Enjoyed #cold #snow #Kakkadampoil #trip #KSRTC