കൊച്ചി: ( www.truevisionnews.com ) ഒരിടവേളയ്ക്ക് ശേഷം കൊച്ചി വീണ്ടും ഡെങ്കിപ്പനിയുടെ പിടിയിലേക്ക്. ഫോര്‍ട്ട്കൊച്ചിയില്‍ താമസിച്ചിരുന്ന വിദേശസഞ്ചാരി ഡെങ്കിപ്പനി ബാധയെ തുടര്‍ന്ന് മരിച്ച സംഭവം നാടിനെ ഭീതിയിലാക്കുകയാണ്. ഇതോടെ ഡെങ്കിപ്പനി വ്യാപിപ്പിക്കുന്ന കൊതുകുകളെ തടയാനുള്ള എല്ലാപ്രവര്‍ത്തനങ്ങളും ചെയ്യണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആവര്‍ത്തിക്കുന്നു.
ഞായറാഴ്ചയാണ് അയര്‍ലന്‍ഡ് സ്വദേശിയായ ഹോളവെന്‍കോ റിസാര്‍ഡിനെ ഫോര്‍ട്ട്കൊച്ചിയിലെ ഹോംസ്റ്റേയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോര്‍ട്ട്കൊച്ചി ഞാലിപ്പറമ്പിനടുത്തുള്ള ചെറീഷ് ഹോംസ്റ്റേയിലാണ് ഇയാള്‍ താമസിച്ചിരുന്നത്.
കഴിഞ്ഞ 15-നാണ് ഇദ്ദേഹം കൊച്ചിയിലെത്തിയത്. തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങിപ്പോകുന്നതിന് വിമാന ടിക്കറ്റും എടുത്തിരുന്നു. രോഗബാധിതനായ ഇദ്ദേഹത്തെ ഹോംസ്റ്റേ ഉടമ ഫോര്‍ട്ട്കൊച്ചി ഗവ. ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സ നല്‍കിയിരുന്നു.
ഇദ്ദേഹത്തിന് ശനിയാഴ്ചയാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.എന്നാല്‍, രോഗം ഗുരുതരമല്ലാത്തതിനാല്‍ വീട്ടില്‍ വിശ്രമിച്ചാല്‍ മതിയെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഞായറാഴ്ച രാവിലെ ആളെ പുറത്തേക്ക് കാണാതായതോടെ, ഹോംസ്റ്റേ ഉടമ മുറി തുറന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശൗചാലയത്തില്‍ വെള്ളം കെട്ടിക്കിടന്നാലും, പാത്രങ്ങളില്‍ വെള്ളമുണ്ടായാലും കൊതുക് മുട്ടയിട്ട് വളരും. ഈ പ്രശ്നം തദ്ദേശ സ്ഥാപനങ്ങളുടെ സാധാരണ കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുമാത്രം പരിഹരിക്കാനാവില്ല.
കൂടുതല്‍ ശാസ്ത്രീയ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഈഡിസ് കൊതുകിന്റെ കാര്യത്തിലുണ്ടാകണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.ഇതിന് പൊതുജനത്തിന്റെ സഹകരണം കൂടി വേണ്ടി വരുമെന്ന് അവര്‍ നിര്‍ദേശിക്കുന്നുണ്ട്.
അപകടമാകുന്ന തരത്തില്‍ ഡെങ്കിപ്പനിയുടെ പുതിയ മാറ്റങ്ങളും കണ്ടുവരുന്നുണ്ട്. കാണുന്ന ലക്ഷണങ്ങള്‍ കൂടാതെ, ജീവന്‍ തന്നെ അപകടത്തിലാക്കുന്ന ഘട്ടത്തിലേക്ക് പനി മാറാനുമിടയുണ്ട്.
#hike #dengue #fever #cases #kochi #kerala