കോഴിക്കോട് : (truevisionnews.com) കലയുടെ ഭൂമിയിൽ കണ്ടത് കണ്ണീരും രോഷവും. ഇതിൽ ചതിയുണ്ട്, വിധി നിർണ്ണയത്തിൽ അപാകത ആരോപിച്ച് കലോത്സവത്തിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം.
ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിന്റെ വിധി പ്രഖ്യാപിച്ചപ്പോൾ പ്രൊവിഡൻസ് സ്കൂളിലെ സദസ്സിൽ പ്രതിഷേധമിരമ്പി.
രണ്ട് തവണ സംസ്ഥാന തലത്തിൽ സമ്മാനം ലഭിച്ച വിദ്യാർത്ഥിയെ പോലും പിന്നിലാക്കി സ്കൂളിലെ പിടിഎ പ്രസിഡന്റിന്റെ മകൾക്ക് ഒന്നാം സ്ഥാനം ലഭിച്ചതിനാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും കാണികളും ചേർന്ന് പ്രതിഷേധിച്ചത്.
അർഹതയുള്ളവർക്ക് യോഗ്യത നിഷേധിക്കുന്ന വിധികർത്താക്കളുടെ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാർത്ഥികൾ വിധികർത്താക്കളെ സമീപിച്ചെങ്കിലും ഭക്ഷണം കഴിച്ചതിനുശേഷം മറുപടി പറയാം എന്ന് വിധികർത്താക്കൾ അറിയിച്ചു.
ഏറെ നേരം കാത്തു നിന്നിട്ടും വിധികർത്താക്കളെ കാണാതായതോടെ വിദ്യാർത്ഥികൾ സ്റ്റേജിൽ ഇരുന്ന് പ്രതിഷേധിച്ചു. നടക്കാവ് സബ് ഇൻസ്‌പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി രക്ഷിതാക്കളും വിദ്യാർത്ഥികളുമായി സംസാരിച്ചെങ്കിലും പ്രശ്നപരിഹാരമായില്ല.
തങ്ങളുടെ സ്ഥാനം ഏതാണെന്ന് അറിയണം, വിധികർത്താക്കളുമായി സംസാരിക്കണം, പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും അപ്പീൽ പോകണം തുടങ്ങിയ ആവശ്യമാണ് വിദ്യാർത്ഥികൾ മുന്നോട്ടുവെച്ചത്. എന്നാൽ ഇവയൊന്നും അംഗീകരിക്കാനോ വിദ്യാർത്ഥികളുമായി സംസാരിക്കാനോ വിധികർത്താക്കൾ തയ്യാറായില്ല.
പിന്നീട് കുട്ടികൾ ആ സ്റ്റേജിൽ നിന്നും മാറിയില്ലെങ്കിൽ കുട്ടികൾക്കെതിരെ നടപടിയെടുക്കും എന്ന് ഡിഡിഇ അറിയിച്ചതായി അനൗൺസ് ചെയ്തു. എന്നിട്ടും വിദ്യാർത്ഥികൾ പിന്മാറാൻ തയ്യാറായില്ല.
കുട്ടികളെയും സ്കൂളിനെയും തുടർന്ന് മത്സരത്തിൽ നിന്നും ചെയ്യുമെന്നും സ്കൂളിലെ അധ്യാപകർക്കും എതിരെ വകുപ്പുതല നടപടി എടുക്കുമെന്ന് ഭീഷണി മുഴക്കിയതോടെ വിദ്യാർത്ഥികളെ അധ്യാപകർ സ്റ്റേജിൽ നിന്നും നിർബന്ധിച്ചു മാറ്റുകയായിരുന്നു.
തുടർന്ന് ഡിഡിയുമായി സംസാരിക്കാൻ അവസരം ഒരുക്കാം എന്ന് അറിയിച്ചതോടെയാണ് വിദ്യാർത്ഥികൾ പിരിഞ്ഞുപോയത്.
കലോത്സവവേദികളിൽ ഇത് പതിവാണെന്നും പലപ്പോഴും കഴിവുള്ള കുട്ടികൾക്ക് അവസരം നിഷേധിക്കുന്ന കാഴ്ചകളാണ് കലോത്സവ വേദികളിൽ കാണാൻ കഴിയുന്നതെന്നും ആണ് മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ പറയുന്നത്.
#deception #Protest #Kalothsavam #alleging #malpractice #decision #making