കോഴിക്കോട് : (truevisionnews.com) ഇനി അന്യമല്ല ഈ ഗോത്ര കല, പുതുതലമുറയുടെ കൈയ്യിൽ ഭദ്രം. താളത്തിൽ മുറുക്കി മലപ്പുലയാട്ടം നിറഞ്ഞാടിയപ്പോൾ കാണികളും ആവേശത്തിമർപ്പിലായി.
സ്കൂൾ കലോത്സവത്തിൽ പുതുതായി ഉൾപ്പെടുത്തിയ മലപ്പുലയാട്ടം മത്സരം ജില്ല കലോത്സവ വേദി ഇരുപത് ടി എ റസാഖിൽ അരങ്ങ് തകർക്കുകയാണ്.
അന്യം നിന്ന് പോകുന്ന ആദിവാസി ഗോത്ര കലയായ മലപ്പുലയാട്ടം കലാപ്രേമികളെ വേദിയിലേക്ക് ആകർഷിക്കുന്നുണ്ട്.
മുറുകിയ താളത്തില്‍ ദൃശ്യരൂപങ്ങളുടെ നൈരന്തര്യം തീര്‍ത്തു കൊണ്ട് ആടിത്തിമര്‍ക്കുന്ന മലപ്പുലയാട്ടം ചാരുതയാര്‍ന്ന മത്സരത്തിൽ ഏട്ട് ടീമുകളാണ് മത്സരത്തിന് ഉണ്ടായിരുന്നത്.
ഇടുക്കി ജില്ലയിലെ മലപ്പുലയൻ ആദിവാസി വിഭാഗത്തിൽപ്പെട്ടവർ അവതരിപ്പിക്കുന്ന ഒരു ഗോത്രകലയാണ് മലപ്പുലയാട്ടം. പുരുഷൻമാരും സ്ത്രീകളും ഒരുമിച്ച് ചേർന്നാണ് മലപുലയ ആട്ടം ആടുന്നത്.
ഇവരുടെ ജാതിയുമായി ബന്ധപ്പെട്ട ഉത്സവങ്ങളിൽ മാരിയമ്മൻ, കാളിയമ്മൻ, മീനാക്ഷി എന്നീ ദേവതകളെ ആരാധിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നൃത്തരൂപം അവതരിപ്പിക്കുന്നത്.
ചിക്കുവാദ്യം, തുടി പോലുള്ള വാദ്യം, കിടിമുട്ടി, കുഴൽ, കട്ടവാദ്യം എന്നീ ഉപകരണങ്ങൾ പക്കമേളത്തിൽ ഉപയോഗിക്കുന്നു ആണുങ്ങളും പെണ്ണുങ്ങളും, പരമ്പരാഗത വേഷമണിഞ്ഞാണ് ആട്ടം നടത്തുന്നത്.
കുഴൽ വിളിയോടെയാണ് ആട്ടം തുടങ്ങുന്നത്. വൃത്താകൃതിയിൽ നിന്നു കൈകൊട്ടിയും ശരീരം പ്രത്യേക രീതിയിൽ ചലിപ്പിച്ചുമാണ് നൃത്തം ചെയ്യുന്നത്.
സന്ധ്യക്ക് തുടങ്ങുന്ന കലാപ്രകടനം പുലരുന്നതു വരെ നീണ്ടു നിൽക്കും. നൃത്തത്തിന് പാട്ടു പാടാറില്ല. താളത്തിന്റെ മുറുക്കത്തിനനുസരിച്ച് നൃത്തത്തിന്റെ വേഗത കൂടിവരുന്നു. ഇടക്ക് കോലുകൾ ഉപയോഗിച്ചുള്ള കളിയും ഉണ്ട്.
#Kozhikode #district #school #kalolsavam2024 #tribal #art #no #longer #foreign #Malapulayattam #filled #with #rhythmic #rhythms