തിരുവനന്തപുരം: (truevisionnews.com) വേതനം ലഭിക്കാത്തതിനെത്തുടർന്നു സംസ്ഥാന വ്യാപകമായി റേഷൻ കടകൾ ഇന്ന് അടച്ചിടാൻ റേഷൻ ഡീലേഴ്സ് കോഓഡിനേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സെപ്റ്റംബർ, ഒക്ടോബർ മാസത്തെ വേതനം നൽകണമെന്നാവശ്യപ്പെട്ടാണ് ഇന്ന് കടയടപ്പ് സമരം.
വേതനം കിട്ടാത്തതിന്റെ പേരിൽ പലതവണ മുഖ്യമന്ത്രി, ഭക്ഷ്യമന്ത്രി, ധനമന്ത്രി എന്നിവർക്ക് കത്ത് നൽകിയിട്ടും തുടർനടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തെ സി.ഐ.ടി.യു അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിൽ പതിനായിരത്തോളം റേഷൻകടകൾ ചൊവ്വാഴ്ച അടച്ചിടുന്നത്. അതേസമയം, സി.പി.ഐ അനുകൂല സംഘടനായ കെ.ആർ.ഇ.എഫും കെ.എസ്.ആർ.ആർ.ഡി.എയുടെ അടൂർ പ്രകാശ് വിഭാഗവും സമരത്തിൽനിന്ന് പിന്മാറി.
കടയടപ്പ് സമരത്തെ സർക്കാർ വിലകുറച്ച് കാണുകയാണെങ്കിൽ ജനുവരി ആറു മുതൽ അനിശ്ചിതകാല കടയടപ്പുസമരവുമായി മുന്നോട്ടുപോകേണ്ടിവരുമെന്ന് സി.പി.എം എം.എൽ.എയും റേഷൻ ഡീലേഴ്സ് കോഓഡിനേഷൻ സംസ്ഥാന കമ്മിറ്റി ചെയർമാനുമായ അഡ്വ.ജി. സ്റ്റീഫനും ജനറൽ കൺവീനർ അഡ്വ. ജോണി നെല്ലൂരും അറിയിച്ചു.
അതേസമയം, റേഷൻ വ്യാപാരികൾക്ക് പണം അനുവദിക്കുന്നത് സംബന്ധിച്ച് ധനവകുപ്പിന്റെ മെല്ലെപ്പോക്കാണ് വ്യാപാരികളെ സമരത്തിലേക്ക് തള്ളിവിട്ടതെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിശദീകരണം.
#Wage #Ration #shops #strike