ഒറ്റപ്പാലം: (truevisionnews.com) സംഘർഷത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്ന എൻ.എസ്.എസ് കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിധി ഹൈകോടതി ചൊവ്വാഴ്ച പറയും.
തെരഞ്ഞെടുപ്പ് നടപടികൾ നിയമാനുസരണം തുടരാൻ നിർദേശിക്കണമെന്ന ആവശ്യവുമായി കെ.എസ്.യു സമർപ്പിച്ച ഹരജിയാണ് നാളെ വിധി പറയുന്നത്.
തെരഞ്ഞെടുപ്പ് നടപടികൾ തുടരുന്നതുമായി ബന്ധപ്പെട്ട് കോളേജ് അധികൃതർ സർവകലാശാലയെ സമീപിച്ചിരുന്നെങ്കിലും ഹൈകോടതി ഇടപെട്ട സാഹചര്യത്തിൽ അനുകൂല നിലപാടല്ല ഉണ്ടായത്.
കോളജിലെ ക്രമസമാധാനം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ അഭിഭാഷനോട് കോടതി നേരത്തെ നിർദേശിച്ചിരുന്നു.
ഒക്ടോബർ 10ന് നടന്ന തെരഞ്ഞെടുപ്പാണ് സംഘർഷത്തെ തുടർന്ന് നിർത്തിവെച്ചത്. ക്ലാസ് പ്രതിനിധികളുടെ തെരഞ്ഞെടുപ്പിൽ ആറു സീറ്റുകളിൽ തുല്യ വോട്ടാണ് കെ.എസ്.യുവിനും എസ്.എഫ്.ഐ ക്കും ലഭിച്ചത്.
തുടർന്ന് നറുക്കെടുപ്പിലൂടെ കെ.എസ്.യുവിന് നാലും എസ്.എഫ്.ഐക്ക് രണ്ടും സീറ്റുകളാണ് നിർണയിക്കപ്പെട്ടത്. ഇതേ തുടർന്നുണ്ടായ തർക്കം സംഘർഷത്തിലേക്ക് വഴിമാറിയതോടെ കോളജിന് പുറത്തും സ്ഥിതി മോശമായി. പൊലീസുകാരിൽ ഒരാൾക്ക് കല്ലേറിൽ പരിക്കേറ്റു.
സംഘാർഷാന്തരീക്ഷം കണക്കിലെടുത്ത് റവന്യു, പൊലീസ് അധികാരികളുടെ നിർദേശപ്രകാരം ചെയർമാൻ അടക്കം ഒമ്പത് ജനറൽ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് കോളജ് അധികൃതർ നിർത്തിവെച്ചത്.
ഇതിനെതിരെയാണ് കെ.എസ്.യു കോടതിയെ സമീപിച്ചത്. ബാലറ്റ് പേപ്പറുകൾ കോളജിലെ സ്ട്രോങ് റൂമിൽ സി.സി.ടി.വി ക്യാമറയുടെ നിരീക്ഷണത്തിൽ സൂക്ഷിച്ചിരിക്കയാണ്.
#NSSCollege #Union #Election #highcourt #judgment #tomorrow