തിരുവനന്തപുരം: ( www.truevisionnews.com) സാദിഖലി തങ്ങൾ വിമർശന വിഷയത്തിൽ യുഡിഎഫിനെ കടന്നാക്രമിച്ച് മന്ത്രി മുഹമ്മദ് റിയാസ്.
തങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുടെ പരാമർശം എന്തോ പാതകം ചെയ്ത പോലെയെന്നാണ് പ്രതിപക്ഷം പറയുന്നതെന്നും, രാഷ്ട്രീയം പറയുമ്പോൾ രാഷ്ട്രീയവിമർശനം സ്വാഭാവികമാണെന്നും റിയാസ് പ്രതിപക്ഷത്തിന് മറുപടി നൽകി.
സാദിഖലി തങ്ങൾ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റാണ്. ലീഗിന്റെ അധ്യക്ഷസ്ഥാനത്തിരിക്കുന്നയാളെ എന്താ വിമർശിക്കാൻ പാടില്ലെ? രാഷ്ട്രീയ സ്ഥാനത്തിരിക്കുമ്പോൾ വിമർശനം ഉണ്ടാകുമെന്നും സ്വന്തം പാർട്ടി പ്രസിഡന്റിനെ വിമർശിച്ചപ്പോൾ പ്രതിപക്ഷ നേതാവിന് ഇത്ര വിഷമം ഉണ്ടായിട്ടില്ലെന്നും റിയാസ് വിമർശിച്ചു.
രാഷ്ട്രീയത്തിൽ മത വർഗീയത കലർത്താനാണ് വി ഡി സതീശനും കുഞ്ഞാലികുട്ടിയും ശ്രമിക്കുന്നതെന്നും വിമർശനത്തെ പ്രതിപക്ഷനേതാവ് സഹിഷ്ണുതയോടെ കാണണമെന്നും റിയാസ് കൂട്ടിച്ചേർത്തു.
പാണക്കാട് സാദിഖലി തങ്ങളെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി സി സതീശൻ രംഗത്തെത്തിയിരുന്നു. പിണറായിക്കും സുരേന്ദ്രനും ഒരേ ശബ്ദമാണെന്ന് ആരോപിച്ച സതീശൻ ന്യൂനപക്ഷ വർഗീയതയിൽ സിപിഐഎം നിലപാട് താത്പര്യത്തിനനുസരിച്ചാണെന്നും കൂട്ടിച്ചേർത്തിരുന്നു.
മുഖ്യമന്ത്രിയുടെ അധിക്ഷേപം സംഘപരിവാറിനെ സന്തോഷിപ്പിക്കാനാണെന്നും ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിന്റെ തുടർച്ചയാണെന്നും സതീശൻ വിമർശിച്ചു. ന്യൂനപക്ഷ വർഗീയതയിൽ സിപിഐഎം നിലപാട് അപ്പോഴത്തെ താത്പര്യത്തിനനുസരിച്ചാണ്.
ഈ ഉപതിരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിന്റെ പ്രവർത്തനത്തിന്റെ ഫലമാകുമെന്നും സർക്കാരിന്റെ വിലയിരുത്തലാണെന്ന് പറയാൻ മുഖ്യമന്ത്രിക്കും സർക്കാരിനും ധൈര്യമുണ്ടോയെന്നും വി ഡി സതീശൻ ചോദിച്ചു.
#muhammadriyas #reply #to #panakkadthangal