ജയ്പുര്‍: (truevisionnews.com) വിവാഹച്ചടങ്ങിനിടെ വധുവിന്റെ ഭാഗത്തുനിന്നുള്ളവരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വരനൊപ്പമെത്തിയയാള് ഏഴ് പേരുടെ മുകളിലേക്ക് കാര്‍ ഓടിച്ചുകയറ്റി.
രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് അനിഷ്ടസംഭവത്തിന് കാരണമായത്.
വരനും ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പെടുന്ന ഘോഷയാത്ര വധുവിന്റെ ഗ്രാമത്തിലെത്തിയതോടെയാണ് വഴക്കാരംഭിച്ചത്. വിവാഹപ്പന്തലിന് സമീപത്ത് കാര്‍ എത്തിയതോടെ കാര്‍ ഓടിച്ചിരുന്ന പ്രതി പടക്കം പൊട്ടിച്ചിരുന്നവരോട് കയര്‍ത്തു.
വധുവിന്റെ ഭാഗത്തുനിന്നുള്ളവരാണ് ആഘോഷവുമായി ബന്ധപ്പെട്ട് പടക്കം പൊട്ടിച്ചത്. കാര്‍ നിര്‍ത്തിയിടാനായി ഉദ്ദേശിച്ച സ്ഥലത്ത് പടക്കം പൊട്ടിച്ചുവെന്നാരോപിച്ചാണ് കാര്‍ ഓടിച്ചയാള്‍ കലഹിച്ചത്.
വഴക്ക് രൂക്ഷമായതോടെ പ്രതി മുന്നില്‍ നിന്നിരുന്നവരുടെ മുകളിലേക്ക് കാര്‍ ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ ഏഴുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ ജയ്പുരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ പ്രതി കാറുമായി രക്ഷപ്പെട്ടു.
വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് സംഭവസ്ഥലത്ത് വീണിരുന്നു. നമ്പര്‍ പ്ലേറ്റിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. താമസിയാതെ പ്രതി പിടിയിലാകുമെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് ദിനേഷ് അഗര്‍വാള്‍ പറഞ്ഞു.
#dispute #over #bursting #firecrackers #groom's #relative #drove #car #towards #bride's #relatives