പത്തനംതിട്ട: (truevisionnews.com) നഴ്സിങ് വിദ്യാർത്ഥിനി അമ്മു ആത്മഹത്യ ചെയ്യാനുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പ്രിൻസിപ്പൽ അബ്ദുൾ സലാം.
വിദ്യാർത്ഥി അമ്മുവിൻ്റെ അച്ഛൻ രേഖാ മൂലം പരാതി നൽകിയിരുന്നു. മൂന്ന് വിദ്യാർത്ഥികൾക്ക് മെമ്മോ നൽകിയിട്ടുണ്ട്. കോളേജിൻ്റെ ഭാഗത്ത് നിന്ന് എല്ലാ നടപടിയും എടുത്തു. നാല് വിദ്യാർത്ഥികളും നല്ല സുഹൃത്തുക്കളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ പത്തനംതിട്ട പൊലീസ് ഇന്ന് സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കും.
ചുട്ടിപ്പാറ സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിലെ വിദ്യാർത്ഥിനിയായ തിരുവനന്തപുരം സ്വദേശി അമ്മു എസ് സജീവ് (22) വെള്ളിയാഴ്ചയാണ് താഴേവെട്ടിപ്പുറത്തുള്ള സ്വകാര്യ വനിതാ ഹോസ്‌റ്റലിന്റെ മുകളിൽ നിന്ന് ചാടി മരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു.
സഹപാഠികളിൽ നിന്ന് മാനസിക പീഡനമുണ്ടായെന്ന് സഹോദരൻ പറഞ്ഞു. റാഗിങും വ്യക്തിഹത്യയും സ്ഥിരമായി നേരിട്ടിരുന്നതായും അമ്മുവിന്റെ മുറിയിൽ സഹപാഠികൾ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചുവെന്നുമാണ് കുടുംബം ആരോപിച്ചത്. അധ്യാപകരും ഇതിന് കൂട്ടുനിന്നുവെന്നും ആരോപണമുണ്ട്.
അമ്മു ടൂർ കോർഡിനേറ്ററായത് മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് പെൺകുട്ടിയുടെ അമ്മ ആരോപിക്കുന്നത്. ടൂറിന് പോകുന്നില്ല എന്ന് തീരുമാനിച്ചിരുന്നതാണ്. പ്രശ്നങ്ങളെ പറ്റി കോളേജ് അധികൃതർക്ക് പരാതി നൽകിയിരുന്നു. ലോഗ് ബുക്ക് കാണാതെ പോയതിൽ അമ്മുവിനെ കുറ്റപ്പെടുത്തി.
അനുവാദം ഇല്ലാതെ മുറിയിൽ കയറി പരിശോധന നടത്തിയെന്നും ഇതിൽ വലിയ മാനസിക ബുദ്ധിമുട്ടുണ്ടെന്നും അമ്മു പറഞ്ഞിരുന്നുവെന്നും അമ്മ പറഞ്ഞു. കോളേജിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പുമായി ബന്ധപ്പെട്ട് പെൺകുട്ടികൾ സാമ്പത്തിക തിരിമറി നടത്തിയിരുന്നു.
ഇത് പുറത്ത് പറയുമോയെന്ന് ഭയന്ന് അമ്മുവിനെ അപായപ്പെടുത്തിയതാകാമെന്നും അമ്മ ആരോപിച്ചിരുന്നു.
അതേസമയം, കോളേജിലെ മുഴുവൻ വിദ്യാർഥികളും ഇന്ന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ പ്രൊഫ. എൻ അബ്ദുൽ സലാം കർശനനിർദേശം നൽകിയിട്ടുണ്ട്.
ഒരാഴ്ചമുമ്പ് സഹപാഠികളിൽനിന്ന് മാനസിക പീഡനം നേരിടുന്നുവെന്നാരോപിച്ച് അമ്മുവിന്റെ അച്ഛൻ സജീവ് കോളേജ് പ്രിൻസിപ്പലിന് ഇ-മെയിലിലൂടെ പരാതി നൽകിയിരുന്നു.
അന്വേഷണത്തിന് അധ്യാപകസമിതിയെ നിയമിച്ചിരുന്നു. പരാതിക്കാരനോടും ആരോപണവിധേയരായ വിദ്യാർഥികളുടെ രക്ഷിതാക്കളോടും ബുധനാഴ്ച കോളേജിൽ എത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരാതിക്കാരൻ അസൗകര്യമറിയച്ചതോടെ യോഗം തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടയിലാണ് അമ്മുവിന്റെ മരണം.
#Nursingstudent #death #Principal #statement #today #steps #side #college