ചെന്നൈ: (truevisionnews.com) വന്ദേഭാരത് എക്സ്പ്രസിൽ വിളമ്പിയ സാമ്പാറിൽ പ്രാണി. സാമ്പാർ നൽകിയ അലുമിനിയം കണ്ടൈനറിനുള്ളിൽ പ്രാണി കുടുങ്ങുകയായിരുന്നുവെന്നാണ് റെയിൽവേ വിശദീകരിക്കുന്നത്.
ഇതിന്റെ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിരുന്നൽവേലി-ചെന്നൈ ട്രെയിനിലാണ് സംഭവമുണ്ടായത്. ട്രെയിനിന്റെ സേവനം മികച്ചതായിരുന്നുവെന്നും എന്നാൽ, ഭക്ഷണം മോശമായിരുന്നുവെന്നുമാണ് യാത്രക്കാരുടെ പ്രതികരണം.
കോൺഗ്രസ് എം.പി മാണിക്കം ടാഗോർ സാമ്പാറിൽ പ്രാണിയുടെ ചിത്രങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. ഉടൻ തന്നെ ഇക്കാര്യത്തിൽ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിന്റെ സുരക്ഷ സംബന്ധിച്ചും ഇക്കാര്യത്തിൽ ഐ.ആർ.സി.ടി.സിയുടെ ഉത്തരവാദിത്തത്തിലും യാത്രക്കാർ ചില ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മാണിക്കം ടാഗോർ എക്സിലെ പോസ്റ്റിൽ വ്യക്തമാക്കി.
സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി റെയിൽവേ അറിയിച്ചു. ഡിണ്ടിഗൽ സ്റ്റേഷനിൽവെച്ച് ഭക്ഷ്യപാക്കറ്റ് പരിശോധനക്കായി ഹെൽത്ത് ഇൻസ്പെക്ടർക്ക് കൈമാറി.
ഈ അന്വേഷണത്തിലാണ് ഭക്ഷ്യപാക്കറ്റിന്റെ മൂടിയിലാണ് പ്രാണി കുടുങ്ങിയിരുന്നതെന്ന് കണ്ടെത്തിയത്. ട്രെയിനിൽ ഭക്ഷണത്തിന്റെ വിതരണം നടത്തിയ കരാറുകാരന് 50,000 രൂപ പിഴയിടുകയും ചെയ്തുവെന്നും റെയിൽവേ അറിയിച്ചു.
വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും പരാതികൾ പരിഹരിക്കാനും റെയിൽവേ എപ്പോഴും ശ്രമിക്കാറുണ്ടെന്നും അധികൃതർ അറിയിച്ചു.
#insects #sambar #served #Vandebharat #Express #Railways #responded