കൊയിലാണ്ടി(കോഴിക്കോട്): (truevisionnews.com) ദേശീയപാതയിൽ നന്തിയിൽ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതത്തിൽ നിയന്ത്രണം.
കോഴിക്കോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
രാവിലെ മുതൽ വാഹനങ്ങൾ കടത്തിവിടാതായതോടെ സമീപത്തുള്ള ചെറുറോഡുകളിലും മറ്റും ഗതാഗതക്കുരുക്കായിരിക്കുകയാണ്.
നന്തിയിൽ നിന്നും ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പള്ളിക്കര റോഡുവഴിയാണ് കടത്തിവിടുന്നത്.
ഇവിടെ നിന്ന് കീഴൂരിലേക്ക് പോകുന്നതിന് പകരം പലരും തിക്കോടിയിലേക്കുള്ള വഴിയിലിറക്കുന്നുണ്ടെന്നും ഇവിടെ നിന്നും പൊലീസ് ബീച്ച് റോഡിലൂടെ കൊളാവിപ്പാലം വഴി കടത്തിവിടുകയാണ് നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നതെന്നാണ് പ്രദേശവാസികൾ പറഞ്ഞത്. ഈ റോഡുകൾ വലതും വീതികുറഞ്ഞതായതിനാൽ ഗതാഗതക്കുരുക്കിന് ഇടയാകുന്നുണ്ട്.
മുമ്പ് ഇത്തരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകുമ്പോൾ നേരത്തെ അറിയിപ്പ് നൽകാറുണ്ട്. ഇന്നത്തെ നിയന്ത്രണത്തെക്കുറിച്ച് അറിഞ്ഞത് രാവിലെ വാഹനങ്ങൾ ദേശീയപാതവഴി കടത്തിവിടാതായതോടെയാണെന്നും നാട്ടുകാർ പറഞ്ഞു. ഇതാണ് ബുദ്ധിമുട്ടുകൾക്ക് ഇടയാക്കിയത്.
ഇന്നലെ തന്നെ അറിയിപ്പ് നൽകിയിരുന്നെന്നാണ് പയ്യോളി പൊലീസ് പറയുന്നത്.
കോഴിക്കോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ ഒഴികെയുള്ള വലിയ വാഹനങ്ങൾ പൂളാടിക്കുന്ന്, അത്തോളി, ഉള്ളേരി, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം, പെരിങ്ങത്തൂർ വഴി കണ്ണൂർ ഭാഗത്തേക്ക് പോകണമെന്നാണ് നിർദേശം.
ബസുകളും മറ്റ് ചെറുവാഹനങ്ങളും നന്തി, പള്ളിക്കര, കീഴൂർ, തുറശ്ശേരിമുക്ക്, മണിയൂർ വഴി വടകര ഭാഗത്തേക്കും പോകണം. കണ്ണൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് നിയന്ത്രണമില്ല.
#Roadwork #NationalHighway #Kozhikode #trafficcontrol #passvehicles