കണ്ണൂർ: (truevisionnews.com) ട്രെയിൻ കടന്നുപോയി ഏറെ സമയമായിട്ടും റെയിൽവേ ഗേറ്റ് തുറക്കാത്തതിനെ തുടർന്ന് നാട്ടുകാർ ചെന്നുനോക്കിയപ്പോൾ കണ്ടത് കാബിനുള്ളിൽ മദ്യലഹരിയിൽ മയങ്ങിക്കിടക്കുന്ന ഗേറ്റ്മാനെ. നാട്ടുകാർ ഉണർത്താൻ ശ്രമിച്ചിട്ടും നടക്കാതായതോടെ പൊലീസ് എത്തി.
ഇതിനിടെ വന്ന മറ്റൊരു ട്രെയിൻ സിഗ്നൽ കിട്ടാതെ വഴിയിൽ നിർത്തി. ഇതോടെ സമീപത്തെ പല ലെവൽക്രോസുകളിലും ഗേറ്റ് അടഞ്ഞുകിടന്നു.
ഒടുവിൽ എടക്കാട് റെയിൽവേ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തിയാണ് പരിഹാരമുണ്ടാക്കിയത്.
കണ്ണൂർ എടക്കാടിന് സമീപം നടാൽ റെയിൽവേ ഗേറ്റിൽ വെള്ളിയാഴ്ച രാത്രി 8.30നാണ് സംഭവം. കോയമ്പത്തൂർ – കണ്ണൂർ പാസഞ്ചറിന് കടന്നുപോകാനാണ് രാത്രി 8.30ന് നടാൽ റെയിൽവേ ഗേറ്റ് അടച്ചത്.
പാസഞ്ചർ കടന്നുപോയി 10 മിനിറ്റ് കഴിഞ്ഞിട്ടും ഗേറ്റ് തുറക്കായതോടെ നാട്ടുകാരും വാഹനയാത്രക്കാരും കാബിനിലേക്ക് ചെല്ലുകയായിരുന്നു. കാബിനിൽ മദ്യലഹരിയിൽ കിടക്കുന്ന ഗേറ്റ്മാനെയാണ് നാട്ടുകാർ കണ്ടത്.
ഇയാളെ ഉണർത്താൻ ശ്രമിക്കുന്നതിനിടെ സ്ഥലത്തെത്തിയ മാവേലി എക്സ്പ്രസ് സിഗ്നൽ ലഭിക്കാത്തതിനെത്തുടർന്ന് ഗേറ്റിന് സമീപം നിർത്തിയിട്ടു.
നടാൽ റെയിൽവേ ഗേറ്റിൽ നിന്നുള്ള സിഗ്നൽ ലഭിക്കാത്തതിനെത്തുടർന്ന് താഴെചൊവ്വ, താഴെചൊവ്വ– സിറ്റി റോഡ്, മുഴപ്പിലങ്ങാട് കുളം ബസാർ, എടക്കാട് ബീച്ച് റോഡ്, മഠം എന്നീ റെയിൽവേ ഗേറ്റുകളും ഏറെസമയം അടഞ്ഞു കിടന്നു.
ഇതോടെ ഈ സ്ഥലങ്ങളിലെല്ലാം വാഹനയാത്രക്കാർ കുടുങ്ങി.
വിവരമറിയിച്ചതിനെ തുടർന്ന് എടക്കാട് പൊലീസ് എടക്കാട് റെയിൽവേ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായി സ്ഥലത്തെത്തി. പിന്നീടാണു മാവേലി എക്സ്പ്രസിന് സിഗ്നൽ നൽകിയത്.
നടാൽ റെയിൽവേ ഗേറ്റിൽ ഡ്യൂട്ടി സമയത്ത് മദ്യപിച്ച കരാർ ജീവനക്കാരൻ സുധീഷിനെ എടക്കാട് പൊലീസ് റെയിൽവേ പൊലീസിന് കൈമാറി.
#railwaygate #not #open #despite #Kannur #train #passing #through #Locals #who #looked #cabin #saw #gateman #drunk