കോഴിക്കോട്: (truevisionnews.com) സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാര്‍ ഫറോക്ക് നഗരസഭ ഓഫീസില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍.
വിവരാവകാശ കമ്മീഷണര്‍മാരായ ടി കെ രാമകൃഷ്ണന്‍, അബ്ദുള്‍ ഹക്കിം എന്നിവര്‍ സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.
ഉദ്യോഗസ്ഥര്‍ രേഖകളില്‍ തിരുത്തലുകള്‍ വരുത്തിയെന്നും കൃത്രിമം കാണിച്ചെന്നും പരിശോധനയില്‍ കണ്ടെത്തി.
വിവരാവകാശ അപേക്ഷകരെ ശിക്ഷിക്കാനും വിലക്കാനും ശ്രമം നടന്നതായി കമ്മിഷന് പരാതി ലഭിച്ചിട്ടുണ്ടെന്നും അതിന് നിയമമില്ലെന്നും ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളില്‍ നിന്ന് എന്തൊക്കെയോ മറച്ചു വയ്ക്കാന്‍ താത്പര്യം കാട്ടുന്നുവെന്നും പരിശോധന നടത്തിയ കമ്മീഷണര്‍മാര്‍ വിലയിരുത്തി.
ഫയലുകളുടെ കാറ്റലോഗും ഇന്റക്‌സും ഇല്ല, അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായ മൂന്ന് പേരെ നിയമിച്ചിട്ടില്ല.
ആര്‍ടിഐ നിയമം വകുപ്പ് 4 പ്രകാരം സ്വയം പ്രസിദ്ധീകരിക്കേണ്ട വിവരങ്ങള്‍ 20 കൊല്ലമായിട്ടും നഗരസഭാ സൈറ്റില്‍ ചേര്‍ത്തിട്ടില്ല, പൗരാവകാശ രേഖ 2020-ന് ശേഷം പരിഷ്‌കരിക്കുകയോ സൈറ്റില്‍ ലഭ്യമാക്കുകയോ ചെയ്തിട്ടില്ല,
ഉത്തരവുകള്‍,അറിയിപ്പുകള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്നില്ല, പൊതുജനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാതെ ലഭ്യമാക്കേണ്ടുന്ന വിവരങ്ങള്‍ നല്‍കുന്നില്ല, അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കും കൃത്യമായ മറുപടി നല്‍കുന്നില്ല തുടങ്ങി ഗുരുതര വീഴ്ചകളാണ് നഗരസഭയുടെ ഭാഗത്ത് കണ്ടെത്തിയിട്ടുള്ളത്.
വീഴ്ചകള്‍ പരിഹരിച്ച് രേഖകള്‍ ക്രമപ്പെടുത്താന്‍ സെക്രട്ടറി രണ്ടാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് അനുവദിച്ചതായും വിവരാവകാശ കമ്മീഷണര്‍മാര്‍ അറിയിച്ചു.
ഉദ്യോഗസ്ഥര്‍ ആര്‍.ടി.ഐ നിയമത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടിട്ടില്ലെന്നും കമ്മീഷന്‍ എത്തിയിട്ടും ഒരു വിവരാവകാശ ഓഫീസറും കുറേ ജീവനക്കാരും എത്തിച്ചേര്‍ന്നില്ലെന്നും നഗരസഭയിലെ ക്ലീന്‍ സിറ്റി മാനേജര്‍ക്ക് ഷോക്കോസ് നോട്ടീസ് നല്‍കുമെന്നും ആര്‍ടിഐ നിയമത്തോട് മുഖം തിരിച്ചു നില്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും പരിശോധനയ്ക്ക് ശേഷം കമ്മീഷന്‍ അറിയിച്ചു.
#Lightning #inspection #RighttoInformationCommissioners #FarookMunicipalOffice #Irregularity #detected