ന്യൂഡല്‍ഹി: സിഗ്നല്‍ തെറ്റിച്ചെത്തിയ കാറിനെ തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിച്ച് കാര്‍ ഡ്രൈവര്‍.
കാര്‍ തടയാനായി ബോണറ്റില്‍ തൂങ്ങിക്കിടന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും കൊണ്ട് കാര്‍ മുന്നോട്ട് പാഞ്ഞു.
ഡല്‍ഹിയിലെ ബെര്‍ സറായ് ഏരിയയില്‍ ശനിയാഴ്ച വൈകുന്നേരം 7.30-ഓടെ ആയിരുന്നു സംഭവം. എ.എസ്.ഐ. പ്രമോദ്, ഹെഡ്‌കോണ്‍സ്റ്റബിള്‍ ശൈലേഷ് ചൗഹാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വസന്ത് കുഞ്ച് സ്വദേശിയായ ജയ് ഭഗവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറാണ് അപകടമുണ്ടാക്കിയത്. ശനിയാഴ്ച വൈകുന്നേരം ബെര്‍ സറായ് ചന്തയ്ക്കടുത്ത് പരിശോധനയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് ചുവപ്പ് സിഗ്നല്‍ തെറ്റിച്ച് ഒരു മാരുതി സുസുക്കി ഫ്രോണ്‍ക്‌സ് കാര്‍ മുന്നോട്ടുവന്നത്.
വാഹനത്തിന് മുന്നിലേക്ക് കയറി നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവര്‍ വേഗം കുറയ്ക്കുകയും പെട്ടെന്നുതന്നെ കാര്‍ വീണ്ടും വേഗത്തില്‍ മുന്നോട്ടെടുക്കുകയും ചെയ്തു.
കാര്‍ കാലില്‍ തട്ടിയതോടെ നിലതെറ്റിയ ഉദ്യോഗസ്ഥര്‍ ബോണറ്റിന് മുകളിലേക്ക് കമിഴ്ന്നുവീണു.
ബോണറ്റില്‍ വീണ പോലീസുകാരുമായി ഡ്രൈവര്‍ കാര്‍ യു-ടേണ്‍ എടുത്ത് വളരെ വേഗത്തില്‍ ഓടിച്ചു. ജീവന്‍ രക്ഷിക്കാനായി പോലീസുകാര്‍ ബോണറ്റില്‍ പിടിച്ചു തൂങ്ങിക്കിടന്നു.
വേഗത കൂട്ടിയും കുറച്ചും പോലീസുകാരെ നിലത്ത് വീഴ്ത്തിയ ശേഷം കാര്‍ പാഞ്ഞുപോയി.
പരിക്കേറ്റ പോലീസുകാരെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ക്കെതിരെ കൊലപാതകശ്രമത്തിനും കൃത്യനിര്‍വഹണം തടഞ്ഞതിനും കേസെടുത്തിട്ടുണ്ട്.
മോട്ടോര്‍വാഹന നിയമപ്രകാരവും ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
#Tried #stop #car #that #failed #signal #car #hit #policemen #hit #bonnet