ന്യൂഡൽഹി: (truevisionnews.com) നവംബർ ഒന്ന് മുതൽ രണ്ട് പുതിയ മാറ്റങ്ങളുമായാണ് യുപിഐ എത്തുന്നത്. നാഷണൽ പേയ്‌മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ആണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്. യുപിഐ ലൈറ്റിലാണ് പുതിയ മാറ്റങ്ങൾ വരുന്നത്.
നവംബർ ഒന്ന് മുതൽ യുപിഐ ലൈറ്റിൽ ഇടപാട് ലിമിറ്റ് വർധിക്കും. ഓട്ടോമാറ്റിക് ടോപ്- അപ് ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ചെറിയ മൂല്യമുള്ള ഡിജിറ്റൽ പേയ്‌മെൻ്റുകൾ കാര്യക്ഷമമാക്കാനാണ് നടപടി.
പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, ഉപയോക്താക്കൾക്ക് പിൻ നമ്പറടിക്കാതെ തന്നെ 1,000 രൂപ വരെയുള്ള ഇടപാടുകൾ നടത്താം. മുൻപ് ഇത് 500 രൂപയായിരുന്നു.
വാലറ്റ് ബാലൻസ് പരിധി പരമാവധി 2,000 രൂപയിൽ നിന്ന് 5,000 രൂപയായി ഉയർത്തി. എന്നാൽ പ്രതിദിന ഇടപാട് ലിമിറ്റ് 4,000 രൂപയായി തന്നെ തുടരും.
ബാലൻസ് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരിധിക്ക് താഴെ പോയാൽ ഓട്ടോ ടോപ്പ്-അപ്പ് ഫീച്ചർ വഴി ഉപയോക്താവിന്റെ യുപിഐ ലൈറ്റ് അക്കൗണ്ട് സ്വയം റീച്ചാർജ് ചെയ്യപ്പെടും.
ഒക്ടോബറിൽ 16.58 ബില്യൺ യുപിഐ ട്രാൻസാക്ഷനാണ് എൻസിപിഐ രേഖപ്പെടുത്തിയത്. സെപ്റ്റംബറിനേക്കാൾ 10 ശതമാനം അധികമായിരുന്നു ഇത്.
#UPI #coming #with #two #new #changes #from #November1.