കൊച്ചി: (truevisionnews.com) കൊച്ചി സീപോർട്ട് റോഡിലുണ്ടായ ബസ് അപകടത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്.
അപകടത്തിൽ പെട്ട സ്വകാര്യ ബസിലെ ഡ്രൈവറായ പുക്കാട്ടുപടി സ്വദേശി നിഹാലിൻ്റെ ഡ്രൈവിംഗ് ലൈസൻസാണ് സസ്പെൻഡ് ചെയ്തത്.
നേരത്തെ നിഹാലിനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് തൃക്കാക്കര പോലീസ് കേസെടുത്തിരുന്നു. അപകടമുണ്ടാക്കിയ ബസിന്റെ ഫിറ്റ്നസ് സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചു.
ബസിൽ നൂറിലധികം നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ബുധനാഴ്ച്ച രാവിലെ ഉണ്ടായ അപകടത്തിൽ ഒരു യാത്രക്കാരി മരിക്കുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സ്കൂൾ വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റു. പുക്കാട്ടുപടിയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
സീപോർട്ട് റോഡിലെ വള്ളത്തോൾ ജങ്ഷനിലെത്തി ഇടപ്പള്ളി ഭാഗത്തേക്ക് തിരിയുന്നതിനിടയിൽ എതിർഭാഗത്ത് നിന്ന് വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു.
ബസിലേക്ക് ഇടിച്ച ടോറസിന് പുറകിൽ മറ്റൊരു ടോറസ് ലോറിയും വന്ന് ഇടിച്ചു. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് യാത്രക്കാർ പറയുന്നത്. പരിക്കേറ്റവരെ കാക്കനാട്ടെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
#Taurus #lorry #bus #collide #accident #fitness #bus #driver's #license #suspended