വൈക്കം: (truevisionnews.com) വൈക്കം ടൗണിലെ രണ്ട് ജൂവലറിയിലടക്കം നാല് കടയിൽ മോഷണം നടത്തിയ പ്രതി ആലപ്പുഴയിൽ പിടിയിൽ. ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയായ മധ്യപ്രദേശ് ബഡ്ഗാവൂൺ സ്വദേശി ദൻരാജ് യദുവൻഷി (25)-യെയാണ് കൈനടി പോലീസ് കഴിഞ്ഞ 17-ന് പിടികൂടിയത്.
തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് വൈക്കത്ത് നടത്തിയ മോഷണത്തെക്കുറിച്ച് പ്രതി പോലീസിനോട് സമ്മതിച്ചത്.
16-ന് പുലർച്ചെ ഒരുമണിക്കും മൂന്നുമണിക്കും ഇടയിലാണ് പടിഞ്ഞാറെനട അന്ധകാരത്തോടിന് സമീപമുള്ള രശ്മി ഫാഷൻ ജൂവലറി, സിൽവർ കാസിൽ, ന്യൂബെസ്റ്റ് ബേക്കേഴ്സ്, എസ്.മഹാദേവ അയ്യർ വസ്ത്രവ്യാപാരസ്ഥാപനം എന്നിവിടങ്ങളിൽ മോഷണം നടന്നത്.
ബേക്കറിയിൽനിന്ന് 2800 രൂപയും വസ്ത്രവ്യാപാരസ്ഥാപനത്തിൽനിന്ന് 500 രൂപയും നഷ്ടപ്പെട്ടു. മുഖം മറച്ചും ഷൂസും കൈയുറകളും ധരിച്ചെത്തിയ ദൻരാജിന്റെ ദൃശ്യങ്ങൾ കടകളിലെ സി.സി.ടി.വി.കളിൽ പതിഞ്ഞിരുന്നു.
ദൻരാജിനെ കൈനടി പോലീസ് വൈക്കത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
17-ന് രാത്രി കൈനടി ചെറുകര നെടുംതട്ടാംവീട്ടിൽ ശ്രീധരൻ ഉണ്ണിയുടെ വീട്ടിൽ മോഷണശ്രമം നടത്തിയ കേസിലാണ് ദൻരാജ് അറസ്റ്റിലാകുന്നത്. അന്ന് വൈകീട്ട് നാലോടെ വാലടിഭാഗത്തുവെച്ച് വാഹനപരിശോധന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.
വൈക്കത്തിന് പുറമേ ചെങ്ങന്നൂരിൽ ഹാർഡ്‌വെയർ ഷോപ്പിൽനിന്ന് 40,000 രൂപ കവർന്നതായും തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജൂവലറിയിൽനിന്നു വെള്ളിയാഭരണങ്ങളും പണവും മോഷ്ടിച്ചതായും ആലപ്പുഴയിലെ ജൂവലറിയിൽനിന്ന് വെള്ളിയാഭരണങ്ങളും 10 ലക്ഷത്തോളം രൂപയുടെ സാധനങ്ങളും കവർന്നതായും പ്രതി സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലും ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളിലടക്കം ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ് ദൻരാജ് എന്ന് പോലീസ് പറഞ്ഞു
#Robbery #four #shops #including #two #jewellers #accused #many #theft #cases #arrested