കൊച്ചി: (truevisionnews.com) മൈതാനം നിറഞ്ഞുകളിച്ച കേരള ബ്ലാസ്‌റ്റേഴ്‌സിനെ സ്വന്തം ഗ്രൗണ്ടില്‍ നാണംകെടുത്തി ബെംഗളൂരു എഫ്‌സി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി.
ബെംഗളൂരുവിനായി എഡ്ഗര്‍ മെന്‍ഡെസ് ഇരട്ട ഗോളുകള്‍ നേടി. ഹോര്‍ഹ പെരേര ഡിയാസിന്റെ വകയായിരുന്നു ബെംഗളൂരുവിന്റെ മറ്റൊരു ഗോള്‍. ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ ജീസസ് ജിമെനെസിന്റെ വകയായിരുന്നു.
കളിയുടെ എട്ടാം മിനിറ്റില്‍ തന്നെ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരമായ ഹോര്‍ഹ പെരേര ഡിയാസിലൂടെ ബെംഗളൂരു മുന്നിലെത്തി. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിലെ പ്രധാനി പ്രീതം കോട്ടാലിന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍.
ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ സോം കുമാറില്‍ നിന്ന് ലഭിച്ച പന്ത് ക്ലിയര്‍ ചെയ്യുന്നതിനു പകരം ഓടിയെത്തിയ ഡിയാസിനെ വെട്ടിച്ചുകയറാന്‍ ശ്രമിച്ച കോട്ടാലില്‍ നിന്നും പന്ത് റാഞ്ചിയ ഡിയാസ്, സോം കുമാറിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് ചിപ് ചെയ്ത് വലയിലാക്കി.
ഗോള്‍ വീണതോടെ ബ്ലാസ്‌റ്റേഴ്‌സ് ആക്രമണങ്ങള്‍ ശക്തമാക്കി. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ജീസസ് ജിമെനെസിന്റെ പെനാല്‍റ്റി ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഒപ്പമെത്തി.
പന്തുമായി ബെംഗളൂരു ബോക്‌സിലേക്ക് കയറിയ ക്വാമി പെപ്രയെ രാഹുല്‍ ഭേകെ പിന്നില്‍ നിന്ന് വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത ജിമെനെസിന് പിഴച്ചില്ല. ബ്ലാസ്‌റ്റേഴ്‌സ് ഒപ്പത്തിനൊപ്പം (1-1).
തുടര്‍ന്ന് രണ്ടാം പകുതിയില്‍ വിജയ ഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് ശ്രമിക്കുന്നതിനിടെ കൊച്ചിയെ ഞെട്ടിച്ച് 74-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ സോം കുമാറിന്റെ പിഴവെത്തി. ആല്‍ബര്‍ട്ടോ നൊഗ്വേരയെടുത്ത ഫ്രീകിക്ക് അനായാസം കൈപ്പിടിയിലാക്കാമെന്ന് കരുതിയ സോം കുമാറിന് പിഴച്ചു.
താരത്തിന്റെ കൈയില്‍ നിന്ന് വഴുതിയ പന്ത് തൊട്ടുമുന്നിലുണ്ടായിരുന്ന എഡ്ഗര്‍ മെന്‍ഡെസ് അനായാസം വലയിലാക്കി.
തുടര്‍ന്ന് കടുത്ത ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റങ്ങള്‍ക്കാണ് സ്‌റ്റേഡിയം സാക്ഷിയായത്. ഒന്നിനുപിറകെ ഒന്നായി ആക്രമണങ്ങള്‍, മികച്ച മുന്നേറ്റങ്ങള്‍. പക്ഷേ എല്ലാം ബെംഗളൂരു പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ പ്രകടനവും ബെംഗളൂരുവിന്റെ രക്ഷയ്‌ക്കെത്തി.
ബ്ലാസ്റ്റേഴ്‌സ് എല്ലാം മറന്ന് സമനില ഗോളിനായി ശ്രമിക്കവെ ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ ലഭിച്ച ലോങ് ബോള്‍ അനായാസം വലയിലെത്തിച്ച് മെന്‍ഡെസ് ബെംഗളൂരുവിന്റെ ജയം ഉറപ്പാക്കി.
#error #defense #Blasters #lost #Bengaluru #Kochi