ആഗ്ര: (truevisionnews.com) മഥുരയിലെ ആശുപത്രിയിൽ ബി.ജെ.പി എം.എൽ.എയുടെ ബന്ധുക്കൾ ഐ.സി.യുവിൽ കയറി ആശുപത്രി ജീവനക്കാരെ ആക്രമിച്ചു. മഥുര ഡി.എസ് ആശുപത്രിയിലെ ജീവനക്കാരെയാണ് മന്ത് മണ്ഡലം എം.എൽ.എ രാജേഷ് ചൗധരിയുടെ ബന്ധുക്കൾ അതിക്രമിച്ചുകയറി പൊതിരെ തല്ലിയത്.
ചൗധരിയുടെ അമ്മ ആശുപത്രി ഐ.സി.യുവിൽ ചികിത്സയിൽ കഴിയുന്നുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ ഇവരെ കാണാൻ എത്തിയ സംഘം ഐ.സി.യുവിൽ ഇടിച്ചുകയറാൻ ശ്രമിച്ചത് ജീവനക്കാർ തടഞ്ഞേപ്പാഴാണ് ക്രൂരമായ മർദനം അഴിച്ചുവിട്ടത്.
എം.എൽ.എയുടെ സഹോദരൻ ജിതേന്ദ്ര സിങ്, മരുമക്കളായ സഞ്ജയ് ചൗധരി, ദേവ് ചൗധരി എന്നിവർ ചേർന്ന് ജീവനക്കാരായ പ്രതാപ്, സത്യപാൽ എന്നിവരെ ആക്രമിക്കുകയായിരുന്നു. മർദനം തടയാൻ ഇടപെട്ട മറ്റ് ജീവനക്കാരെയും ആക്രമിക്കുകയും ആശുപത്രിക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആശുപത്രി വസ്തുവകകളും ഒരു ജീവനക്കാരൻ്റെ മൊബൈൽ ഫോണും അക്രമികൾ തകർത്തതായി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
എന്നാൽ, സംഭവത്തിൽ പൊലീസ് ഇന്നലെ രാത്രി വരെ എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല.
സിസിടിവിയിൽ പതിഞ്ഞ ദൃശ്യത്തിൽ നിരവധി വ്യക്തികൾ ജീവനക്കാരെ ആക്രമിക്കുന്നത് കാണാം. അതേസമയം, ആശുപത്രി ജീവനക്കാർ തങ്ങളെ ആക്രമിച്ചതായി ചൗധരിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
ജസ്വന്ത് സിംഗ് എം.എൽ.എയുടെ അമ്മയ്ക്ക് ചായ നൽകാനാണ് പോയതെന്നും ഐസിയുവിലെ രോഗിയുടെ ഫോട്ടോ എടുക്കുമ്പോൾ ആശുപത്രി ജീവനക്കാർ തന്നെ കത്രികയും ഇരുമ്പ് വടിയും കൊണ്ട് ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.
തന്നെ മുറിയിൽ പൂട്ടിയിട്ട് മർദിച്ചപ്പോൾ വീട്ടുകാരും പൊലീസും ചേർന്നാണ് രക്ഷപ്പെടുത്തിയതെന്നും മാലയും 700 രൂപയും നഷ്ടപ്പെട്ടുവെന്നും പരാതിയിൽ പറഞ്ഞു. എന്നാൽ, എം.എൽ.എയുടെ ബന്ധുക്കൾ അതിക്രമിച്ച് കയറി ജീവനക്കാരെ ക്രൂരമായി മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
സി.സി.ടി.വി ദൃശ്യങ്ങൾ അവലോകനം ചെയ്യുകയാണെന്നും എല്ലാ തെളിവുകളും പരിശോധിച്ചാൽ സ്ഥിതി കൂടുതൽ വ്യക്തമാകുമെന്നും എസ്.എച്ച്.ഒ ആനന്ദ് കുമാർ ഷാഹി പറഞ്ഞു.
എഫ്ഐആർ ഉടൻ രജിസ്റ്റർ ചെയ്യണമെന്നും അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) പ്രസിഡൻറ് ഡോ. മനോജ് ഗുപ്ത ആവശ്യപ്പെട്ടു.
ജനപ്രതിനിധികളും അവരുടെ ബന്ധുക്കളും നടത്തുന്ന ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#Bravery #relatives #BJP #MLA #hospital #ICU #Hospital #staff #beaten