പത്തനംതിട്ട: (truevisionnews.com)കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുൺ കെ.വിജയനെതിരെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) കെ.നവീൻ ബാബുവിന്റെ ബന്ധുക്കള്‍ മൊഴി നല്‍കിയെന്ന് സൂചന.
കളക്ടര്‍ എ.ഡി.എം. ബന്ധം സൗഹൃദപരം ആയിരുന്നില്ല. ഭാര്യ മഞ്ജുഷ, മക്കളായ നിരുപമ, നിരഞ്ജന, സഹോദരൻ പ്രവീൺ ബാബു എന്നിവരുടെ മൊഴിയാണ് കണ്ണൂരിൽ നിന്നുള്ള അന്വേഷണസംഘം രേഖപ്പെടുത്തിയത്.
നവീൻ ബാബുവിന് അവധി നല്‍കുന്നതില്‍ കടുത്തനിയന്ത്രണമുണ്ടായിരുന്നു. സ്ഥലമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതല്‍ നല്‍കാന്‍ വൈകിപ്പിച്ചു.
ഈ വിവരങ്ങളെല്ലാം നവീന്‍ കുടുംബാംഗങ്ങളുമായി പങ്കുവെച്ചിരുന്നു. നവീന്റെ മൃതദേഹത്തെ അനുഗമിച്ച് പത്തനംതിട്ടയിൽ എത്തിയെങ്കിലും കണ്ണൂർ കളക്ടർ അരുൺ വിജയന് വീട്ടിൽ പ്രവേശിക്കാൻ ബന്ധുക്കൾ അനുമതി നൽകിയിരുന്നില്ല.
ഭാര്യയെയും മക്കളെയും ആശ്വസിപ്പിക്കാൻ അവസരം വേണമെന്ന് ബന്ധുക്കളോട് മറ്റൊരാൾവഴി ആവശ്യപ്പെട്ടെങ്കിലും, താത്പര്യമില്ലെന്ന മറുപടിയാണ് കിട്ടിയത്.
അതേസമയം, കെ.നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തത് കളക്ടർ അരുൺ കെ.വിജയൻ ക്ഷണിച്ചതിനാലാണെന്നാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ ജാമ്യാപേക്ഷയിൽ പറയുന്നത്.
എ.ഡി.എമ്മിനെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ലെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു. രാഷ്ട്രീയതാത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിചേർത്തത്.
വീട്ടിൽ രോഗിയായ അച്ഛൻ, അമ്മ, മകൾ, ഭർത്താവ് എന്നിവരുണ്ടെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീന്‍ ബാബുവിനെ ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം.
പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. നവീന്‍ ബാബുവിന്റെ ആത്മഹത്യയെത്തുടര്‍ന്ന് ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും സി.പി.എം നീക്കിയിരുന്നു.
#ADM #NaveenBabu #transfer #delayed #Statement #relatives #against #collector