Oct 14, 2024 04:11 PM

തൃശൂര്‍: (truevisionnews.com) ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം. സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ.സുമേഷ് നല്‍കിയ പരാതിയില്‍ തൃശൂര്‍ സിറ്റി പൊലീസാണ് അന്വേഷണം ആരംഭിച്ചത്.

സുമേഷിന്റെ മൊഴി ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. മോട്ടോര്‍ വാഹനവകുപ്പും സുരേഷ് ഗോപിക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. പൂരം നടക്കുന്നയിടത്തുണ്ടായ സംഘര്‍ഷത്തിലേക്ക് സുരേഷ് ഗോപി ആംബുലന്‍സില്‍ എത്തിയ സംഭവത്തിലാണ് അന്വേഷണം.

സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലന്‍സില്‍ സഞ്ചരിച്ചുവെന്നാണ് പരാതി. പൂരം അലങ്കോലമായ രാത്രി വീട്ടില്‍ നിന്ന് തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സുരേഷ് ഗോപി എത്തിയത് സേവാഭാരതിയുടെ ആംബുലന്‍സിലായിരുന്നു.

രോഗികളെ കൊണ്ടുപോകുന്നതിന് വേണ്ടി മാത്രമുള്ള ആംബുലന്‍സ് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ഉപയോഗിച്ചു എന്ന് പരാതിയില്‍ പറയുന്നു.

പൂരം അലങ്കോലമായതിന് പിന്നാലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിന് പിന്നാലെ സുരേഷ് ഗോപിക്കും ബിജെപിക്കുമെതിരെ വിമര്‍ശനം ഉന്നയിച്ച് എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തി. മറ്റ് വാഹനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന മേഖലയിലേക്ക് സുരേഷ് ഗോപി ആംബുലന്‍സില്‍ എത്തിയത് ഗൂഢാലോചനയുടെ ഭാഗമായെന്നായിരുന്നു ആരോപണം.

#Complaint #misuse #ambulance #Investigation #against #Union #Minister #SureshGopi

Next TV

Top Stories