തിരുവനന്തപുരം: (truevisionnews.com) വയനാട്ടിൽ നടന്നത് ലോകത്തിന് മാതൃകയായ സന്നദ്ധ പ്രവർത്തനമാണെന്ന് കെ.കെ ശൈലജ എംഎൽഎ.
അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു കെ.കെ ശൈലജ. അപ്രതീക്ഷിതമായുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങൾ മുൻകൂട്ടി കാണാൻ കഴിയുമോ എന്ന് പരിശോധിക്കണമെന്നും പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ പഠനം നടത്തണമെന്നും ശൈലജ പറഞ്ഞു.
പ്രധാനമന്ത്രി ദീർഘനേരം ദുരിതാശ്വാസ ക്യാമ്പിൽ ചിലവഴിച്ചിട്ടും അഞ്ചു പൈസ തരാൻ പോലും തയ്യാറായില്ലെന്നും അവർ കുറ്റപ്പെടുത്തി. കടാശ്വാസ നടപടികൾ മറികടക്കാൻ സർക്കാർ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്നും എല്ലാം പഴയ ആകുന്നത് വരെ ജപ്തി നടപടികൾ ഒഴിവാക്കാൻ സർകാർ ഇടപെട്ടുവെന്നും ശൈലജ സഭയിൽ പറഞ്ഞു.
ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കേന്ദ്രം സംസ്ഥാനത്തെ സഹായിക്കണമെന്നാണ് ഫെഡറൽ തത്വം. സംസ്ഥാന സർക്കാരുകളെ കേന്ദ്രസർക്കാർ സഹായിക്കണം.
അടിയന്തര സഹായമെങ്കിലും കേന്ദ്രം നൽകേണ്ടതുണ്ട്. കേന്ദ്രസർക്കാർ സഹായം നൽകാത്തതിനെതിരെ സഭയ്ക്കുള്ളിൽ മാത്രമല്ല പുറത്തും പ്രതിഷേധങ്ങളുണ്ടാവണം. ശൈലജ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ദിവസത്തെ ശമ്പളം കൊടുക്കണമെന്ന് പറയുമ്പോൾ കൊടുക്കരുതെന്ന് പറയുന്നവരുണ്ട്. ഇത് ശരിയായ നിലപാടാണോ? മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികൾപോലും സംഭാവനയുമായി രംഗത്തുവന്നു.
എന്നാൽ നൽകാത്തവരും നൽകരുത് എന്ന് ആഹ്വാനം ചെയ്യുന്നവരും ഉണ്ട്. അവർക്കൊപ്പം പ്രതിപക്ഷം ചേരരുതെന്ന് അപേക്ഷിക്കുകയാണ്. ശൈലജ പറഞ്ഞു.
#government #should #conduct #study #natural #disasters' #KKShailaja