കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കെ.കെ.ടി.എം. ഗവ. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനു പിന്നാലെ എസ്.എഫ്.ഐ. നേതാക്കളെ കാമ്പസിൽ പോലീസ് മർദിച്ചെന്ന് പരാതി.
ജില്ലാ സെക്രട്ടേറിയറ്റംഗം ഉൾപ്പെടെ മൂന്നുപേർ പരിക്കേറ്റ് ആശുപത്രിയിലായി.
അതേസമയം സംഘർഷം തടയാൻ ശ്രമിച്ച സബ് ഇൻസ്പെക്ടറെയും വനിതാ സീനിയർ പോലീസ് ഓഫീസറെയും കൈയേറ്റം ചെയ്തെന്നാരോപിച്ച് കണ്ടാലറിയാവുന്ന 20 എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു.
ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എസ്. പ്രവീൺ(25), തിരഞ്ഞെടുപ്പുചുമതലയുണ്ടായിരുന്ന മുൻ ഏരിയ ജോ. സെക്രട്ടറിമാരായ ഷാഹിർ കെ. സെയ്ത് (25), അമൽഷാൻ കെ. സുന്ദർ (24) എന്നിവരെയാണ് പരിക്കുകളോടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിദ്യാർഥികൾ കൈയേറ്റം ചെയ്തെന്നാരോപിച്ച് കൊടുങ്ങല്ലൂർ എസ്.ഐ. കെ. സാലിം, സീനിയർ പോലീസ് ഓഫീസർ രഞ്ജിനി എന്നിവരും താലൂക്ക് ആശുപത്രിയിൽ പ്രാഥമികചികിത്സതേടി.
വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. യൂണിയൻ തിരഞ്ഞെടുപ്പിൽ കൗൺസിലർസ്ഥാനത്തേക്ക് എം.എസ്.എഫ്. ജയിക്കാനിടയായ സംഭവത്തിൽ എസ്.എഫ്.ഐ. വിദ്യാർഥികളും നടപടിക്ക് വിധേയരായ ചിലരും തമ്മിൽ തർക്കം നടന്നിരുന്നു.
നേതാക്കൾ ഇടപെട്ട് വിദ്യാർഥികളെ കാമ്പസിൽനിന്ന് ഒഴിവാക്കുന്നതിനിടയിലാണ് എസ്.ഐ.യുടെ നേതൃത്വത്തിൽ 20-ഓളം പോലീസുകാർ മർദിച്ചതെന്ന് ആശുപത്രിയിൽ കഴിയുന്നവർ പറഞ്ഞു.
ഓടിയെത്തിയ പോലീസ്, അമൽഷായുടെ ചെകിട്ടത്തടിക്കുകയും കോളറിനു കുത്തിപ്പിടിക്കുകയും ചെയ്തു. ബൈക്ക് എടുക്കുന്നതിനിടയിൽ കൂടുതൽ പോലീസെത്തി വളഞ്ഞിട്ട് തല്ലി.
തടയാൻ ശ്രമിച്ച പ്രവീണിനെയും ഷാഹിറിനെയും ലാത്തികൊണ്ട് അടിച്ചു- നേതാക്കൾ പറഞ്ഞു. അതേസമയം ചേരിതിരിഞ്ഞ് സംഘർഷത്തിനു തുനിഞ്ഞ വിദ്യാർഥികളെയും പുറത്തുനിന്ന് എത്തിയവരെയും കാമ്പസിൽനിന്ന് ബലമായി ഒഴിവാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇതിനിടയിലാണ് എസ്.ഐ. കെ. സാലിം, സി.പി.ഒ. രഞ്ജിനി എന്നിവർക്കുനേരെ കൈയേറ്റം നടന്നതെന്ന് പോലീസ് പറയുന്നു.
#SFI #Complaints #activists #beaten #by #police #Three #injured #case #against #20 #encroachment