ജാജ്പൂർ: (truevisionnews.com) പതിവായി മദ്യപിച്ച് സ്കൂളിലെത്തുന്നു എന്ന പരാതി ഉയർന്നതിനെ തുടർന്ന് സർക്കാർ സ്കൂളിലെ പ്രധാന അധ്യാപകന് കാരണം കാണിക്കൽ നോട്ടീസ്.
ഒഡീഷയിലെ ജാജ്പൂരിലുള്ള ധർമശാലയിലെ ഒരു പ്രൈമറി സ്‌കൂളിലെ പ്രധാന അധ്യാപകനെതിരെയാണ് നടപടി.
മറുപടി നൽകാൻ മൂന്ന് ദിവസമാണ് സമയം അനുവദിച്ചിരിക്കുന്നത്.
കർശന നടപടി ആവശ്യപ്പെട്ട് സ്കൂൾ മാനേജിംഗ് കമ്മിറ്റിയും പരാതിയുമായി നിരവധി രക്ഷിതാക്കളും രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത് മദ്യപിച്ച് സ്‌കൂളിലെത്തുന്നത് പതിവായതിനാൽ ഇയാളെ ഉടൻ തന്നെ മറ്റേതെങ്കിലും സ്‌കൂളിലേക്ക് മാറ്റണമെന്ന് രക്ഷിതാക്കളും സ്‌കൂൾ മാനേജ്‌മെൻ്റും ആവശ്യപ്പെട്ടു.
മദ്യലഹരിയിലായിരുന്ന പ്രധാന അധ്യാപകൻ്റെ വൈറലായ വീഡിയോയും മാനേജിംഗ് കമ്മിറ്റിയ്ക്ക് മുമ്പാകെ തെളിവായി ഹാജരാക്കിയിരുന്നു.
സ്കൂളിന് സമീപത്തുള്ള ഒരു റോഡിൽ മദ്യപിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന അധ്യാപകന്റെ വീഡിയോയാണ് വൈറലായിരുന്നത്.
പ്രധാന അധ്യാപകൻ്റെ മറുപടിയുടെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ധർമശാല ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ അഭിജിത്ത് ബാരിക് പറഞ്ഞു.
#regularly #arrives #schooldrunk #beaten #lying #road #Action #headteacher