പാലക്കാട്: (truevisionnews.com) പാലക്കാട്, ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) സജീവമായി രംഗത്തുണ്ടാകുമെന്ന് പി.വി. അൻവർ എം.എൽ.എ.
ഉപതെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാടും ചേലക്കരയിലും സി.പി.എം തോൽക്കും. ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ഉണ്ടാകുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയാനാവില്ല. സാഹചര്യം പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഡി.എം.കെയും ആശയത്തോട് യോജിക്കുന്ന സംവിധാനം ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാനാണ് ശ്രമിക്കുകയെന്നും അൻവർ പറഞ്ഞു.
നേതാക്കന്മാരുടെ പിന്നാലെ പോകില്ല. സാധാരണക്കാരാണ് നേതാക്കളെ നേതാക്കളാക്കിയത്. ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളാണ് പ്രബലർ. അവരെ കൂട്ടിപിടിച്ചുള്ള മുന്നേറ്റമാണ് നടക്കുന്നതെന്നും പി.വി. അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പാലക്കാട്ടെ സ്ഥാനാർഥി സംബന്ധിച്ച ചർച്ചകളും മൂന്നു മുന്നണികളിലും സജീവമാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ.
മുൻ എം.എൽ.എയും കെ.പി.സി.സി ഉപാധ്യക്ഷനുമായ വി.ടി. ബൽറാം, കെ.പി.സി.സി ഡിജിറ്റർ മീഡിയ കൺവീനർ ഡോ. പി. സരിൻ, മുൻ എം.പി കെ. മുരളീധരൻ എന്നിവരുടെ പേരുകളാണ് പാലക്കാട്ടേക്ക് ഉയർന്നു കേൾക്കുന്നത്.
കൂടാതെ, സ്ഥാനാർഥിത്വം സംബന്ധിച്ച് പാലക്കാട് മുൻ എം.എൽ.എ ഷാഫി പറമ്പിലിന്‍റെ അഭിപ്രായവും കെ.പി.സി.സി നേതൃത്വം തേടും. ജില്ല പഞ്ചായത്ത് അധ്യക്ഷ കെ. ബിനുമോളെ സ്ഥാനാർഥിയാക്കാൻ സി.പി.എം പാലക്കാട് ജില്ല ഘടകത്തിന്‍റെ നിർദേശമുണ്ട്.
ഇത് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. മുമ്പ് ചില ഡി.വൈ.എഫ്.ഐ നേതാക്കളുടെ പേരുകൾ ഉയർന്നിരുന്നെങ്കിലും ഇപ്പോൾ ചർച്ചയിലില്ല. ബി.ജെ.പി സ്ഥാനാർഥിയായി ശോഭ സുരേന്ദ്രനെ സ്വാഗതം ചെയ്ത് ഫ്ലക്സ് ബോർഡ് ഉയർന്നിരുന്നു.
പാലക്കാട് നഗരസഭ ഓഫിസിനു മുന്നിലാണ് ‘ശോഭ സുരേന്ദ്രന് പാലക്കാടൻ കാവിക്കോട്ടയിലേക്ക് സ്വാഗതം’ എന്ന ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഇതിനകം സ്ഥാനാർഥിത്വം ഉറപ്പിച്ചിരിക്കെയാണ് ശോഭ സുരേന്ദ്രൻ വിഭാഗം ശക്തമായി രംഗത്തെത്തിയിരിക്കുന്നത്.
പാലക്കാട് നഗരസഭയിലടക്കം 28 കൗൺസിലർമാരിൽ 24 പേരും ശോഭ അനുകൂലികളാണ്. കഴിഞ്ഞ ദിവസം ഭാരവാഹികൾക്കിടയിൽ നടന്ന അഭിപ്രായ സർവേയിൽ കൂടുതൽ വോട്ട് ലഭിച്ചതും ശോഭ സുരേന്ദ്രനാണ്. ആർ.എസ്.എസ് നേതൃത്വത്തിലും സംഘ്പരിവാർ സംഘടനകളിലും മുൻതൂക്കം ഇവർക്കാണ്.
ഈ ഘടകങ്ങൾ മുൻ ലോക്സഭ സ്ഥാനാർഥി കൂടിയായ സി. കൃഷ്ണകുമാറിന്റെ സ്ഥാനാർഥിത്വത്തിന് ഭീഷണിയാണ്. ഇത് മറികടക്കാൻ പുതിയ തന്ത്രങ്ങൾ ആസൂത്രണം ചെയ്യുകയാണ് അവർ.
നഗരസഭക്ക് പുറത്ത് മൂന്നു പഞ്ചായത്തുകളിലും, സ്ത്രീ വോട്ടർമാർക്കിടയിലും ശോഭ സുരേന്ദ്രന് മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന് അവരുടെ വിഭാഗം കരുതുന്നു. കഴിഞ്ഞ ദിവസം കൗൺസിലർ എൻ. ശിവരാജൻ ശോഭ സുരേന്ദ്രനെ അനുകൂലിച്ച് പ്രസ്താവനയിറക്കിയിരുന്നു.
#CPM #lose #Palakkad #Chelakkara #said #DMK #active #by-elections #PVAnwar