തൃശൂര്‍: (truevisionnews.com) നിയമന തട്ടിപ്പിനിരയായ അധ്യാപിക വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. എറണാകുളം വൈറ്റില സ്വദേശിയാണ് യുവതി.
കൂരിക്കുഴി എ.എം.യു.പി. സ്‌കൂള്‍ മാനേജരായിരുന്ന വലപ്പാട് സ്വദേശി പ്രവീണിന്റെ വീടിന് മുന്നിലാണ് ആത്മഹത്യാശ്രമം നടത്തിയത്. അധ്യാപന ജോലിക്കായി പ്രവീണ്‍ 27 ലക്ഷം രൂപ വാങ്ങിയതായി യുവതി ആരോപിച്ചു.
ആരോപണ വിധേയനായ കയ്പമംഗലത്ത് സ്‌കൂള്‍ മാനേജരായ വലപ്പാട് കോതകുളം സ്വദേശി പ്രവീണ്‍ വാഴൂര്‍ നിയമന തട്ടിപ്പിന് നേരത്തെ അറസ്റ്റിലായിരുന്നു.
2012 മുതല്‍ ഇയാള്‍ പലരില്‍ നിന്നായും പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് വിവരം. ഇതേ സ്‌കൂളിലെ അധ്യാപകരായ ഏഴുപേര്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.
25 ലക്ഷം രൂപ മുതല്‍ 45 ലക്ഷം രൂപ വരെ മാനേജര്‍ ടീച്ചര്‍മാരില്‍നിന്നും വാങ്ങിയതായി പരാതിയില്‍ പറയുന്നു. പണം വാങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവരെ നിയമിക്കുകയോ നിയമനം നടത്തിയവര്‍ക്ക് ശമ്പളം നല്‍കുകയോ ചെയ്തില്ല.
ഇത് രണ്ടും ലഭിക്കാതെ വന്നതോടെ അധ്യാപകര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കയ്പമംഗലം പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
#recruitment #fraud #teacher #tried #commit #suicide #taking #poison