തിരുവനന്തപുരം : (www.truevisionnews.com) നിയമസഭയിലെ സമാനതകളില്ലാത്ത പോര്‍വിളിക്കും ഏറ്റുമുട്ടലിനുമിടെ മുങ്ങിപ്പോയത് മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിലെ അടിയന്തര പ്രമേയ ചര്‍ച്ച.
സഭ നിര്‍ത്തിവച്ച് ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും പ്രതിപക്ഷം പ്രതിഷേധങ്ങൾക്ക് കൂടുതൽ ശ്രദ്ധ കൊടുത്തതോടെ സഭ പിരിയാൻ സ്പീക്കർ തീരുമാനിക്കുകയായിരുന്നു.
പ്രതിപക്ഷം ഒളിച്ചോടിയെന്ന പ്രചാരണം ഉയർത്തി വിവാദങ്ങളെ നേരിടാനാണ് എൽഡിഎഫ് തീരുമാനം.മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം ദേശീയ തലത്തിൽ തന്നെ കേരളത്തിന് നാണക്കേടുണ്ടാക്കിയെന്നും സഭ നിര്‍ത്തിവച്ച് ചര്‍ച്ച വേണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
കേട്ടപാടെ മുഖ്യമന്ത്രി അംഗീകരിച്ചു. 12 മണി മുതൽ 2 മണിക്കൂർ ചര്‍ച്ച നടത്താമെന്ന് സ്പീക്കർ അറിയിച്ചു. സ്വര്‍ണ്ണക്കടത്തിൽ മലപ്പുറത്തിന്‍റെ പങ്കും കള്ളക്കടത്ത് പണം പോകുന്നത് ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങൾക്കാണെന്നുമുള്ള വിവാദത്തിലുമെല്ലാം വിശദമായ ചര്‍ച്ച നടക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
പിആര്‍ ഏജൻസിയുടെ പങ്കിൽ മുഖ്യമന്ത്രിക്ക് എന്ത് പറയാനുണ്ട് എന്നെല്ലാം അറിയാനുള്ള അവസരം പക്ഷേ പ്രതിപക്ഷം തുടക്കം കുറിച്ച ബഹളത്തിൽ മുങ്ങി.
സ്പീക്കറോട് ഏറ്റുമുട്ടി ഒരു വട്ടം സഭ വിട്ട പ്രതിപക്ഷം അൽപ്പ സമയത്തിനുളളിൽ തിരിച്ചെത്തി. പിന്നീടാണ് മുഖ്യമന്ത്രി-പ്രതിപക്ഷനേതാവ് വാക് പോരുണ്ടായത്.
അതിനിടെ പ്രതിപക്ഷനേതാവിന്റെ പരാമർശങ്ങൾ രേഖയിൽ നിന്ന് നീക്കിയതോടെ പ്രതിഷേധം അതിലേക്ക് മാറി. പ്രതിഷേധം സ്പീക്കറുടെ ഡയസിലേക്ക് വരെ നീണ്ട് പോയതോടെ സ്പീക്കർ സഭ പിരിയാൻ തീരുമാനമെടുത്തു.മനപൂര്‍വ്വം പ്രകോപനം ഉണ്ടാക്കി ഒഴിഞ്ഞുമാറുകയായിരുന്നു സര്‍ക്കാരെന്നും സഭാ ചട്ടങ്ങൾക്ക് അകത്ത് നിന്ന് ഇനിയും വിഷയം അവതരിപ്പിക്കുമെന്നും പ്രതിപക്ഷം പറയുന്നു.
എഡിജിപി- ആര്‍എസ് എസ് കൂടിക്കാഴ്ച , തൃശ്ശൂര്‍ പൂര വിവാദം , സ്വര്‍ണ്ണക്കടത്തിലെ പൊലീസ് ഇടപെടൽ തുടങ്ങി മാമി തിരോധാനവും കാഫിര്‍ സ്ക്രീൻ ഷോട്ടും അടക്കം സഭയിൽ ചോദിക്കാൻ നൽകിയ 49 ചോദ്യങ്ങൾ മുക്കിയെന്നാണ് പ്രതിപക്ഷം പറയുന്നത്.
അപ്രധാന ചോദ്യങ്ങളാണ് മാറ്റിയതെന്ന സ്പീക്കറുടെ വാദവും പ്രതിപക്ഷം തള്ളുന്നു. പ്രതിപക്ഷം ഒളിച്ചോടിയെന്ന പ്രചാരണം സഭക്ക് അകത്തും പുറത്തും ആയുധമാക്കാനാണ് ഇടത് തീരുമാനം.
#Clash #Legislative #Assembly #emergency #resolution #discussion #Malappuram #reference #drowned #out