മലപ്പുറം: (truevisionnews.com) നഴ്‌സുമാരുടെ വാട്‌സ് ആപ്പ് കൂട്ടായ്മയിൽ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ.
തൃശൂർ തിരുവില്വാമല കലാനി വീട്ടിൽ രഞ്ജിത്തി(40)നെയാണ് എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് വിസ നൽകാമെന്ന് തെറ്റിധരിപ്പിച്ച് നഴ്സുമാരിൽ നിന്നും 10,95,000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
കഴിഞ്ഞ ജൂണിലാണ് എടക്കര, വഴിക്കടവ്, ചുങ്കത്തറ സ്വദേശിനികളായ നഴ്‌സുമാരുടെ വാട്‌സ് ആപ്പ് കൂട്ടായ്മയിൽ നഴ്സിംഗ് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്.
ചുങ്കത്തറ സ്വദേശിനിയാണ് വിസയ്ക്കായി ഇയാളെ ആദ്യം സമീപിച്ചത്. ഇവർക്ക് വിസ നൽകുകയും ചെയ്തു. ഇവരുടെ വിശ്വാസം നേടിയെടുത്ത പ്രതി കൂടുതല്‍ വിസയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റ് 33 നഴ്സുമാരിൽ നിന്ന് വിസയ്ക്കായി പണം വാങ്ങി കബളിപ്പിക്കുകായിരുന്നു.
വിസ ലഭിക്കാതായതോടെ പണം നൽകിയവർ എടക്കര പൊലീസിൽ പരാതി നൽകിയതോടെ ഇയാൾ മുങ്ങി.
തുടർന്ന് ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ തൃശൂരിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് മഞ്ചേരി ജയിലിലേക്ക് അയച്ചു.
എടക്കര സ്റ്റേഷൻ ഹൗസ് ഓഫീസർ എൻ ബി ഷൈജു, എസ്ഐ ജയകൃഷ്ണൻ, എഎസ്ഐമാരായ ഷാജഹാൻ, ഏബ്രഹാം, സീനിയർ സിവിൽ പൊലീസ് ഓഫീസർ സാബിറലി, സിപിഒമാരായ ഷാഫി, നജ്മുദീൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
#Fraud #offering #visa #nurses #WhatsAppgroup #youth #arrested