തിരുവനന്തപുരം: (truevisionnews.com) പ്രതിപക്ഷത്തിന്‍റെ നേതാവാരാണെന്ന് ചോദിച്ച സ്പീക്കറെ കടന്നാക്രമിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവിനെ വിമർശിച്ച മുഖ്യമന്ത്രിയുടെയും പാർലമെന്‍ററികാര്യ മന്ത്രിയുടെയും പരാമർശത്തിൽ തിരിച്ചടിച്ച് വി.ഡി. സതീശൻ.
ഞാൻ എല്ലാം ദിവസവും പ്രാർഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ് മുഖ്യമന്ത്രിക്ക് വി.ഡി സതീശൻ ചുട്ടമറുപടി നൽകി.
'ഞാൻ നിലവാരമില്ലാത്തവൻ ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി എന്നെ കുറിച്ച് നല്ല വാക്കാണ് പറഞ്ഞിരുന്നെങ്കിൽ വിഷമിച്ചു പോയേനെ.
ഞാൻ വിശ്വാസിയാണ്. അങ്ങയെ പോലെ ഒരു അഴിമതിക്കാരനാകരുതെന്നും നിലവാരമില്ലാത്തവനാകരുതെന്നും എല്ലാ ദിവസവും പ്രാർഥിക്കാറുണ്ട്. എന്‍റെ നിലവാരം അളക്കാൻ മുഖ്യമന്ത്രി വരേണ്ട' -പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു.
നിങ്ങൾ നിങ്ങളുടെ നിക്ഷ്പക്ഷത കളഞ്ഞുവെന്നും പറഞ്ഞാൽ തിരിച്ചു പറയുമെന്നും സ്പീക്കറോട് പ്രതിപക്ഷ നേതാവ് പറഞ്ഞു.
പാർലമെന്‍ററികാര്യ മന്ത്രി തനിക്കെതിരെ പറഞ്ഞതിൽ ഒന്നും പറയുന്നില്ല. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് പോകേണ്ട ആളാണ് പാർലമെന്‍ററികാര്യ മന്ത്രി. ദൗർഭാഗ്യവശാൽ അദ്ദേഹത്തിന് സ്വന്തം വകുപ്പ് പോലും ഭരിക്കാൻ ശേഷിയില്ല.
വേറെ ആളുകളാണ് ഭരിക്കുന്നത്. അവരൊന്നും പ്രതിപക്ഷത്തിന്‍റെ അളവെടുക്കേണ്ടെന്നും വി.ഡി സതീശൻ വ്യക്തമാക്കി. ഈ സഭയിൽ എം.വി രാഘവനെ തള്ളിച്ചതച്ചിട്ടില്ലേ?. അന്ന് ആരായിരുന്നു പാർലമെന്‍ററി പാർട്ടി ലീഡർ?.
ഈ സഭ തല്ലിപ്പൊളിച്ചപ്പോൾ പുറത്തുനിന്ന് അതിന് ഒത്താശ കൊടുത്തത് ആരാണ്?. കെ.കെ. രമയെ അധിക്ഷേപിച്ചപ്പോൾ ആരായിരുന്നു പാർലമെന്‍ററി പാർട്ടി ലീഡർ എന്നും വി.ഡി സതീശൻ ചോദിച്ചു.
നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ നേതാവ് ആരാണെന്ന സ്പീക്കർ എ.എൻ ഷംസീറിന്‍റെ പരാമർശമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പ്രകോപിപ്പിച്ചത്. സർക്കാറിന്‍റെ താൽപര്യങ്ങൾ സംരക്ഷിച്ച് സ്പീക്കറുടെ കസേരയിൽ ഇരുന്നതിന്‍റെ കുറ്റബോധം കൊണ്ടാണ് പ്രതിപക്ഷ നേതാവ് ആരാണെന്ന് ചോദിച്ചതെന്ന് വി.ഡി സതീശൻ തിരിച്ചടിച്ചു.
സ്പീക്കറുടെ അപക്വതയാണ് വ്യക്തമായത്. പക്വതയില്ലായ്മയാണ് തെളിയിക്കുന്നതെന്ന് പറയേണ്ടി വന്നതിൽ ദുഃഖമുണ്ട്. ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത, ഒരു സ്പീക്കറും ചോദിക്കാത്ത ചോദ്യമാണ് ചോദിച്ചത്.
സ്പീക്കർ പദവിക്ക് അപമാനകരമായ ചോദ്യമാണ് ഉന്നയിച്ചത്. സംസ്ഥാന സർക്കാറിന്‍റെ എല്ലാ വൃത്തിക്കേടുകൾക്കും കൂട്ടുനിന്ന് പ്രതിപക്ഷത്തിന്‍റെ അവകാശങ്ങളാണ് സ്പീക്കർ ഹനിച്ചതെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.
#Pray #everyday #not #corrupt #VDSatheesan #ChiefMinister