Oct 4, 2024 02:05 PM

തിരുവനന്തപുരം: (truevisionnews.com) വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ പ്രതിപക്ഷത്തിന്റെ പൂര്‍ണമായ പിന്തുണയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

വയനാട്-വിലങ്ങാട് ദുരന്തങ്ങളില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് നിയമസഭയിൽ‌ ചരമോപചാരം അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനം എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ തിരിച്ചറിയണം.

കേരളമാണ് ഏറ്റവും അപകടകരമായ സ്ഥിതിയിലുള്ള പ്രദേശമെന്നതും തിരിച്ചറിയണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കുറെക്കൂടി വേഗത്തിലാകണം.

അത് വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയനാട് ദുരന്തം മനസിലുണ്ടാക്കിയ നോവ് നമ്മുടെ ജീവിതാവസാനംവരെ കൂടെയുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.

പാവപ്പെട്ടവരുടെ സങ്കടങ്ങള്‍ കാലത്തിന് മായ്ച്ചു കളയാന്‍ സാധിക്കാത്തതാണ്. സമീപകാലത്ത് നമ്മള്‍ ദര്‍ശിച്ച ഏറ്റവും വലിയ സങ്കടമാണ് വയനാട്ടിലേത്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിരവധി പേര്‍ അനാഥരായി. കുഞ്ഞുങ്ങള്‍ മാത്രമായും പ്രായമായവര്‍ മാത്രമായും അവശേഷിക്കുന്ന വീടുകളുണ്ട്.

ബന്ധുക്കളെ മുഴുവന്‍ നഷ്ടമായവരും ആരും ബാക്കിയാകാത്ത അറുപത്തി ഏഴോളം കുടുംബങ്ങളുമുണ്ട്. ഓരോ കുടുംബങ്ങള്‍ക്കും ഓരോ തരത്തിലുള്ള സങ്കടങ്ങളാണ്. വീടുകള്‍ നഷ്ടപ്പെട്ടവരും ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടവരുമുണ്ട്.

കടബാധ്യതകളുള്ളവരും കൃഷി ചെയ്തു ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യവുമാണ് അവിടെ നിലനില്‍ക്കുന്നത്. പുറത്ത് പല കോഴ്‌സുകള്‍ക്ക് പഠിക്കുന്ന നിരവധി കുട്ടികളുമുണ്ട്. അപകട ഭീഷണിയില്‍ ഇപ്പോഴും താമസിക്കുന്നവരെയും മാറ്റിപ്പാര്‍പ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

"ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും നടത്തിയപ്പോള്‍ ഒരുകാലത്തും ഇല്ലാത്ത തരത്തിലുള്ള പൂര്‍ണമായ പിന്തുണ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ പ്രതിപക്ഷത്തിന്റെ പൂര്‍ണമായ പിന്തുണയുണ്ടാകുമെന്ന് സഭയ്ക്ക് ഉറപ്പു നല്‍കുന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കുറെക്കൂടി വേഗത്തിലാകണം. അത് വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തരുത്. ആരംഭശൂരത്വം കാട്ടിയെന്ന് പലപ്പോഴും ഭരണകൂടങ്ങളെ ജനങ്ങള്‍ അധിക്ഷേപിക്കാറുണ്ട്. ആ സ്ഥിതി ഉണ്ടാകരുത്.

രാജ്യത്തിനു തന്നെ മാതൃകാപരമായ പുനരധിവാസം ഉണ്ടാകണം. ടൗണ്‍ഷിപ്പിനെ കുറിച്ചും കമ്മ്യൂണിറ്റി ലിവിംഗിനെ കുറിച്ചുമുള്ള വിശാലമായ ആലോചനകള്‍ നമുക്ക് മുന്നിലുണ്ട്. അതെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകണം.

ഭാരിച്ച ചെലവുകള്‍ നമുക്ക് മുന്നിലുണ്ട്. അതെല്ലാം പൊതുജനത്തിന്റെ കൂടി പിന്തുണയോടെ നിര്‍വഹിക്കാനാകണം." വി.ഡി. സതീശൻ പറഞ്ഞു. വയനാടിന് അർഹമായ സഹായം കേന്ദ്രസർക്കാരിൽനിന്നുണ്ടായില്ലെന്ന് അദ്ദേഹം വിമർശിച്ചു.

"പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വലിയൊരു സഹായമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ പ്രത്യേക സാമ്പത്തിക പാക്കേജാണ് പ്രതീക്ഷിച്ചതെങ്കിലും താല്‍ക്കാലികമായ ഒരു അലോക്കേഷന്‍ പോലും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഉണ്ടാകാത്തത് ദൗര്‍ഭാഗ്യകരമാണ്.

വയനാട്ടില്‍ ഉണ്ടായതു പോലുള്ള ദുരന്തമാണ് വിലങ്ങാടും ഉണ്ടായത്. അവിടെ ഒരു മനുഷ്യ ജീവന്‍ മാത്രമെ നഷ്ടപ്പെട്ടുള്ളൂവെന്നതു കൊണ്ടാണ് ശ്രദ്ധിക്കപ്പെടാതെ പോയത്. വലിയ ദുരന്തമാണ് അവിടെയും ഉണ്ടായത്.

#Expected #big #Wayanad #PrimeMinister #Center #stand #unfortunate #VDSatheesan

Next TV

Top Stories