കൊച്ചി : (truevisionnews.com) നാദാപുരം തൂണേരിയിൽ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഷിബിൻ കൊല്ലപ്പെട്ട കേസിൽ എട്ടുപ്രതികൾ കുറ്റക്കാരാണെന്ന് ഹൈകോടതി.
1 മുതല്‍ 6 വരെ പ്രതികളെയും 15, 16 പ്രതികളെയുമാണ് ഹൈകോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. സര്‍ക്കാരിന്റെ ഉള്‍പ്പെടെ അപ്പീലിലാണ് വിധി. പ്രതികൾ 15ന് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. അന്ന് ശിക്ഷ വിധിക്കും.
മുസ്‍ലിം ലീഗ് പ്രവര്‍ത്തകരടക്കമുള്ള 17 പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയായിരുന്നു സര്‍ക്കാരിന്റെ അപ്പീല്‍.
കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കണ്ടെത്തിയായിരുന്നു 18 പ്രതികളില്‍ 17 പേരെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാർ വെറുതെ വിട്ടത്.
2015 ജനുവരി 22ന് ആണ് സംഭവം നടന്നത്. കേസില്‍ തെയ്യംപാടി ഇസ്മായില്‍, സഹോദരന്‍ മുനീര്‍ എന്നീ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും പ്രതികളായിരുന്നു.
രാഷ്ട്രീവും വര്‍ഗീയവുമായ വിരോധത്താല്‍ ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ചെന്നാണ് കേസ്. സംഭവത്തില്‍ ആറ് പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
#Thuneri #Shibinmurdercase #HighCourt #finds #accused #guilty