തിരുവനന്തപുരം: (truevisionnews.com)പാലോടിൽ ആളില്ലാ വീടുകളിൽ മോഷണം നടത്തി വന്നിരുന്ന മോഷ്ടാക്കൾ അറസ്റ്റിൽ.
വട്ടിയൂർക്കാവ് സ്വദേശി കൊപ്ര ബിജു എന്നറിയപ്പെടുന്ന രാജേഷ് (42) ഭാര്യ ഉടുമ്പൻചോല സ്വദേശിനി രേഖ (33), നന്ദിയോട് സ്വദേശി റമോ എന്ന് വിളിക്കപ്പെടുന്ന അരുൺ (27), ഭാര്യ വെള്ളയംദേശം സ്വദേശിനി ശില്പ (26) എന്നിവരാണ് അറസ്റ്റിലായത്.
ആളില്ലാതെ പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 45 പവൻ സ്വർണമാണ് ഇവർ അപഹരിച്ചത്.മോഷ്ടിച്ച സ്വർണാഭരണങ്ങൾ പണയം വെയ്ക്കുന്നത് കോയമ്പത്തൂരിലാണ്.
കേരളത്തിന് പുറത്ത് വീടും വസ്തുവും വാങ്ങാനും ആഢംബര ജീവിതത്തിനും വേണ്ടിയാണ് ഇവർ പണം ഉപയോഗിച്ചിരുന്നതെന്നാണ് വിവരം.
മലയോര മേഖലയായ പാലോട് പോലീസ് സ്റ്റേഷൻ പരിധിയിൽ ആൾത്താമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് രണ്ട് മാസമായി മോഷണം നടന്നു വരികയാണ്.
ഇതിനെത്തുടർന്ന് റൂറൽ ജില്ലാ മേധാവിയുടേയും നെടുമങ്ങാട് ഡി.വൈ.എസ്.പിയുടേയും നേതൃത്വത്തിൽ മഫ്തിയിൽ പട്രോളിങ് ഊർജ്ജിതപ്പെടുത്തിയിരുന്നു.
കഴിഞ്ഞ മാസം 30-ന് പാലോട് സ്റ്റേഷൻ പരിധിയിലെ ആലംപാറയിലെ തമിഴ്നാട് സ്വദേശിയായ മാരീശന്റെ വീട്ടിൽ നിന്നും 45 പവൻ സ്വർണവും 2 ലക്ഷം രൂപയും മോഷ്ടിച്ചു.
ഇവിടെ നിന്നും പ്രതികൾ മോഷണം നടത്തിയ ശേഷം കോയമ്പത്തൂരിലേക്ക് പോയി. ശേഷം ഇവർ വീണ്ടും പാലോട് എത്തി ഗേറ്റ് പൂട്ടിയ ആളില്ലാത്ത വീടുകൾ നോക്കി നടക്കുന്നത് മഫ്തിയിലുള്ള പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
തുടർന്ന് ഇവരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കോയമ്പത്തൂരിൽ നിന്നാണ് തങ്ങൾ വന്നതെന്ന് ഇവർ പോലീസിനോട് പറഞ്ഞത്.
സ്വർണം ഇവരുടെ ഭാര്യമാരെക്കൊണ്ട് ബാങ്കിൽ പണയം വെക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
#45 #Pawan #stolen #from #empty #house #Four #people #arrested