മലപ്പുറം: (truevisionnews.com) പി.വി അൻവർ എം.എൽ.എ എന്ന നിലയിൽ സമ്പൂർണ പരാജയമെന്ന് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻ ദാസ്.
നിലമ്പൂർ നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിന് കാരണം അൻവറാണ്. ആദ്യ അഞ്ചു കൊല്ലം സമ്പൂർണ പരാജയമായിരുന്നു. ഇപ്പോൾ ജീവനക്കാരുടെ സഹായം കൊണ്ട് കുറച്ച് നടക്കുന്നു.
കച്ചവടത്തിനായി വിദേശ രാജ്യങ്ങളിലായത് വികസനത്തിന് വലിയ തടസമായിരുന്നുവെന്നും മോഹൻ ദാസ് വ്യക്തമാക്കി. പി.വി അൻവറിന്‍റെ ആരോപണത്തെ പുച്ഛത്തോടെ തള്ളുന്നു. അൻവർ വലതുപക്ഷത്തിന്‍റെ തടവറയിലാണ്.
തീവ്രവർഗീയ നിലപാട് ഉയർത്തി വർഗീയ ധ്രുവീകരണത്തിനാണ് അൻവർ ശ്രമിക്കുന്നത്. മുസ്ലിം വിഭാഗത്തെ സി.പി.എമ്മിന് എതിരാക്കാനാണ് ശ്രമിക്കുന്നത്. മുസ്ലിം പ്രീണനമാണ് അൻവർ നേരത്തെ ആരോപിച്ചിരുന്നതെന്നും ഇ.എൻ മോഹൻ ദാസ് പറഞ്ഞു.
വിരോധം തീർക്കാൻ ആർ.എസ്.എസ് ചാപ്പ കുത്തുന്നത് തരംതാണ പ്രവർത്തിയാണ്. നുണ പറയാൻ മാത്രം വായ തുറക്കുന്ന ആളാണ് അൻവർ. ആരുടേയും നമസ്കാരം തടഞ്ഞിട്ടില്ല. നമസ്കാരത്തെ ബഹുമാനിച്ചിട്ടേയുള്ളൂ.
തന്‍റെ രാഷ്ട്രീയ പ്രവർത്തനം കച്ചവടമല്ലെന്നും പൊതുപ്രവർത്തനമാണെന്നും ഇ.എൻ മോഹൻ ദാസ് വ്യക്തമാക്കി. തീവ്ര വർഗീയത കത്തിക്കുകയാണ് അൻവർ ചെയ്യുന്നത്. അദ്ദേഹം കത്തിക്കുന്നത് തീവ്ര വർഗീയതയുടെ പന്തമാണ്.
നാട് കുട്ടിച്ചോറാക്കാനുള്ള ശ്രമത്തിൽ നിന്ന് അദ്ദേഹം പിന്മാറണം. നാളത്തെ അൻവന്‍റെ സമ്മേളനത്തിൽ ആളുണ്ടാകും. പൊതുയോഗമാണെങ്കിൽ സ്വാഭാവികമാണ്. പാർട്ടി പ്രവർത്തകരോട് പോകണമെന്നോ പോകരുതെന്നോ നിർദേശം നൽകാറില്ലെന്നും മോഹൻ ദാസ് പറഞ്ഞു.
സി.പി.എം എം.എൽ.എ ആയിരുന്നെങ്കിൽ രാജി ആവശ്യപ്പെട്ടേനെ. അൻവറിന്‍റെ പാതയിൽ കെ.ടി ജലീൽ പോകുമെന്ന് കരുതുന്നില്ല. ഒക്ടോബർ രണ്ടിന് അദ്ദേഹം നിലപാട് പറയട്ടെയെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
#ENMohandas #Anwar #complete #failure #MLA #attempt #made #oppose #Muslimcommunity