ചമ്പാട്: (പാനൂർ) (truevisionnews.com) കെ എസ് ആർ ടി സി ബസിൽ മറന്നുവെച്ച വിലപിടിപ്പുള്ള വസ്തുക്കൾ അടങ്ങിയ ബാഗ് ഉടമസ്ഥന് തിരിച്ചു നൽകി ബസ് കണ്ടക്ടർ മാതൃകയായി.
ചമ്പാട് പൊന്ന്യംപാലം പി എം മുക്കിൽ നൗഫിയാസിൽ ടി കെ ഫൈസലും കുടുംബവും കഴിഞ്ഞ ദിവസം മലപ്പുറം കോട്ടക്കലിൽ യാത്ര പോയിരുന്നു. തിരികെ വരുമ്പോൾ ചേലാരി മേലെ ചൊവ്വയിൽ നിന്നും കോഴിക്കോട്ടേക്ക് വരുന്ന കെ എസ് ആർ ടി സി ബസിൽ കയറി കോഴിക്കോട് ഇറങ്ങി.
ഇറങ്ങുന്നതിനിടയിൽ ബസിൻ്റെ മുകൾ ഭാഗത്ത് വെച്ചിരുന്ന ബാഗ് എടുക്കാൻ വിട്ടുപോയി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ബസിൽ നിന്നും ബാഗ് എടുത്തില്ലെന്ന കാര്യം ഓർമ വന്നത്.
ഉടൻ ഫൈസൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻ്റിലെത്തി അന്വേഷിച്ചപ്പോഴേക്കും ബസ് മാനന്തവാടിയിലേക്ക് പുറപ്പെട്ടിരുന്നു. തുടർന്ന് ടിക്കറ്റ് പരിശോധിച്ച് ബസ് മനസിലാക്കിയ ഓഫീസ് ക്ലർക്ക് ടോൾ ഫീ നമ്പർ നൽകി.
ഫൈസൽ വിളിച്ച് അന്വേഷിച്ചപ്പോൾ കണ്ടക്ടർ അബ്ദുൽ അസീസാണെന്ന് മനസിലായി - ഫോണിൽ ബന്ധപ്പെട്ടു. ബസ് പരിശോധിച്ച് ബാഗ് ബസിലുണ്ടെന്ന് കണ്ടക്ടർ മറുപടി നൽകി.
തുടർന്ന് ബാഗിലുണ്ടായിരുന്ന വിലപ്പെട്ട ഒന്നും നഷ്ടപ്പെടുത്താതെ കണ്ടക്ടർ അബ്ദുൽ അസീസ് സുരക്ഷിതമായി മട്ടന്നൂരിലേക്ക് വരുന്ന കെ എസ് ആർ ടി സി ബസിൽ കൊടുത്തു വിടുകയായിരുന്നു.
ഇന്ന് രാവിലെ ഫൈസൽ മട്ടന്നൂരിൽ പോയി ബാഗ് തിരിച്ചു വാങ്ങി. കണ്ടക്ടറുടെ സത്യസന്ധതയിൽ ഫൈസലും കുടുംബവും സന്തോഷത്തിലാണ്.
#Bag #Panur #native #left #KSRTC #bus #Returned #conductor